കോളേജ് സുഹൃത്തുക്കള്‍ക്കൊപ്പം മമ്മൂട്ടി ; ‘ഇടയ്ക്ക് കയറി നില്‍ക്കുന്ന ആ പയ്യനാരെന്ന്’ ആരാധകര്‍, ഫോട്ടോ വൈറല്‍

പഴയകാല കോളേജ് ഓര്‍മകള്‍ പങ്കുവെക്കുന്ന ഒത്തുചേരലുകളെല്ലാം എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ അങ്ങനൊരു ഓര്‍മ പങ്കുവെച്ചിരിക്കുന്നത് സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ ഇത്രയും വൈറലാവാന്‍ കാരണം ആ ഫോട്ടോയിലെ മമ്മൂട്ടിയുടെ സാന്നിധ്യം ആയിരുന്നു. മഹാരാജാസ് കോളേജ് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്.

മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് ജിന്‍സും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ ആരാധകര്‍ക്കായും പങ്കുവെച്ചു. മമ്മൂട്ടിയുടെ ചിത്രം കണ്ട് നിരവധി രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്. ‘അവിശ്വസനീയം’ എന്നായിരുന്നു ചിത്രം കണ്ട മിക്കവരുടെയും അഭിപ്രായം. ഫോട്ടോഷോപ്പാണോ എന്ന് സംശയം പ്രകടിപ്പിച്ചവരുമുണ്ട്. ഇടയ്ക്ക് കയറി നില്‍ക്കുന്ന ആ പയ്യനാരാണ് എന്നായിരുന്നു വേറൊരാള്‍ തമാശ രൂപേണ ചോദിച്ചത്.

അതേസമയം ഭീഷ്മപര്‍വ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രം. ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എക്കാലത്തേയും ഹിറ്റ് ചിത്രം ബിഗ് ബി സംവിധാനം ചെയ്ത അമല്‍ നീരദാണ് ഈ ചിത്രവും ഒരുക്കുന്നത്. ബിഗ്ബിയില്‍ ബിലാല്‍ എന്ന കള്‍ട്ട് ക്ലാസിക് നായക കഥാപാത്രത്തെ നല്‍കിയ അമല്‍ നീരദ് ‘ഭീഷ്മ പര്‍വ്വ’ത്തിലും അതുപോലെ ഒരു മമ്മൂട്ടി കഥാപാത്രം നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ലിജോ പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’, രത്തീന സംവിധാനം ചെയ്ത പുഴു, തെലുങ്ക് ചിത്രമായ ഏജന്റ് എന്നിവയാണ് ഷൂട്ടിങ് പൂര്‍ത്തിയായ മമ്മൂട്ടിയുടെ ചിത്രങ്ങള്‍. കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Leave a Comment