ആസിഫ് അലിയുടെ നായികയാകാന്‍ മംമ്ത മോഹന്‍ദാസ് ; ‘മഹേഷും മാരുതിയും’ ചിത്രീകരണം ജനുവരി 23ന്

സിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും.
ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യംനല്‍കി ഒരുക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മംമ്ത മോഹന്‍ദാസ് ആണ്. ഗൗരി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. മംമ്ത തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. പ്രേക്ഷകരുടെ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും മംമ്ത പോസ്റ്റിലൂടെ പറഞ്ഞു.

മംമ്തയുടേതായി ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം ലാല്‍ജോസിന്റെ മ്യാവൂ ആയിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സൗബിന്‍ നായകനായ ചിത്രത്തില്‍ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി സിനിമയില്‍ എത്തുന്നു.

സേതു ആണ് മഹേഷും മാരുതിയും ചിത്രം സംവിധാനം ചെയ്യുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിനൊപ്പം വി.എസ്.എല്‍. ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷിജു, ജയകൃഷ്ണന്‍, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രീകരണം ജനുവരി 23ന് ആരംഭിക്കും.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാരുതി 800 കാര്‍ കിട്ടിയ സന്തോഷമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 1984 മോഡല്‍ മാരുതി 800 കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. മലപ്പുറത്തെ ഓണ്‍റോഡ് അംഗങ്ങളാണ് പഴമയുടെ പ്രൗഢിയില്‍ കാര്‍ പുതുക്കിയെടുത്തത്.

ഷൂട്ടിംഗിനായി ഈ കാര്‍ കണ്ടെത്തിയെങ്കിലും വാഹനം പുതുക്കിയെടുക്കുന്ന ജോലി വെല്ലുവിളിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള പാര്‍ട്സുകളെത്തിച്ചായിരുന്നു 1984-ലെ മാരുതി പുതുക്കിയെടുത്തത്.

Leave a Comment