“ലീല” നിരൂപണം വായിക്കാം – Leela Malayalam Movie Review

ലീല.
ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത് . വിവാദങ്ങളും പ്രതിസന്ധികളും മറികടന്നു എത്തിയ ചിത്രം മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ റിലീസ് എന്ന പേരില്‍ വാര്‍ത്തകളിലും ഇടം നേടിയിരുന്നു. ഫെയ്സ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും ബുദ്ധി ജീവി ചമയാൻ ചിലർ നല്കുന്ന റേറ്റിംഗ് കണ്ടിട്ട് ആരും പടം കാണാൻ പോകണമെന്നില്ല . പ്രത്യേകിച്ച് ലീല എന്ന ചെറുകഥ വായിച്ചവർ . ഒരു അവാർഡ്‌ പടം എന്ന പേരിൽ സമൂഹം തള്ളിക്കളയേണ്ടിയിരുന്ന ചിത്രത്തെ ഒരു കോമേഷ്യൽ സിനിമയ്ക്ക് ലഭിക്കുന്ന പ്രാധാന്യത്തോടെ തിയേട്ടരുകളിൽ എത്തിക്കാനും, ആളേ കയറ്റാനും സാധിച്ചതിൽ സംവിധായകൻ രഞ്ജിത്തിനു ഞങ്ങളുടെ നിറഞ്ഞ മനസ്സോടെയുള്ള കയ്യടി . ഇത് ഒരു മാറ്റത്തിനുള്ള തുടക്കമാവട്ടെ . ഫിലിം ഫെസ്റ്റിവലിൽ പോയി പടം കണ്ടത് പോലെയായിരുന്നു ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ ചിത്രം.

കോട്ടയത്ത് നിന്നും ആരംഭിക്കുന്ന കഥാ സന്ദര്‍ഭങ്ങള്‍ , വ്യത്യസ്തമായ രീതിയില്‍ രതി ആസ്വദിക്കുന്ന കുട്ടിയപ്പന്‍ അത്തരത്തിലുള്ള ഒരു ആഗ്രഹം സഫലമാക്കുവാന്‍ നടത്തുന്ന ഒരു യാത്ര, വേശ്യകളുടെ ജീവിതം ഇടയ്ക്കിടെ പ്രതിപാദിച്ചുകൊണ്ട് ക്ലൈമാക്സിലേക്ക് കാഴ്ച്ചക്കാരെ കൂട്ടികൊണ്ടുപോകുവാനുള്ള ഒരു ശ്രമമാണ് ലീല എന്ന ചിത്രം. കഥ വായിക്കാൻ നല്ല രസമാണ് , ഒരുപക്ഷെ ലീലയുടേത്‌ പോലൊരു കഥ സിനിമയാക്കുമ്പോളുള്ള പരിമിതികൾ മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ ,ചിത്രം പ്രതീക്ഷിച്ചത്ര മികവ് പുലര്‍ത്തിയില്ല . മുന്നറിയിപ്പ് , ഒഴിവു ദിവസത്തെ കളി എന്ന ചിത്രങ്ങളുടെയൊക്കെ കഥാകൃത്തായ ഉണ്ണി ആർ തന്നെയാണോ തിരക്കഥ ഒരുക്കിയത് എന്ന് അത്ഭുതം തോന്നുന്നു. തിരക്കഥയ്ക്ക് കഥയോട് എത്രത്തോളം നീതി പുലർത്താനായി എന്ന് പടം കാണുന്ന ആർക്കും സംശയം തോന്നാം. ഒരു അവാർഡ്‌ പടം എടുക്കണോ, വാണിജ്യ സിനിമയാക്കണോ എന്ന് സംശയിച്ചു നില്ക്കുന്ന സവിധാനം. ആദ്യ പകുതി നന്നായി മുഷിപ്പിച്ചു .

ട്വിസ്റ്റും, സസ്പ്പെന്സും ഒന്നും പ്രതീക്ഷിച്ചല്ല ലീല കാണാൻ പോയത് . പക്ഷെ സംഭാഷണങ്ങളൊക്കെ എഴുതി ഉണ്ടാക്കിയത് പോലെ തന്നെ തോന്നി . സ്വാഭാവികത കുറവായിരുന്നു. ആദ്യ പകുതിയിൽ എന്തിനോക്കയോ സംവിധായകൻ ശ്രമിച്ചിട്ടുണ്ട് . പക്ഷെ ഇത്രയൊക്കെ ബിൽഡപ്പ് കൊടുത്ത് ഇറക്കിയപ്പോൾ സാധാരണക്കാരന് കുറച്ചുകൂടി വ്യക്തത നല്കുന്ന രീതിയിൽ ഒരുക്കാമായിരുന്നു.
കാരണം ഇത് കഥയല്ല , സിനിമയാണ് .ഇതേ കഥ കുറച്ചുകൂടി മികച്ച തിരക്കഥയാക്കിയിരുന്നെങ്കില്‍ മറ്റൊരു തലത്തിലേക്ക് എത്തേണ്ട സിനിമ ആയിരുന്നു എന്ന് തോന്നി.
പോസ്റ്ററും , ട്രെയിലറും ഒക്കെ ചിത്രത്തിലും ഒരുപാട് മുകളിൽ നിൽക്കുന്നു. ആദ്യ ദിനം അതുകൊണ്ടാണല്ലോ ഇത്തരമൊരു ചിത്രം ഹൗസ് ഫുള്ളായി പ്രദർശിപ്പിക്കാൻ സാധിച്ചത്‌.എന്നാല്‍ ലീല കാണാന്‍ കുടുംബ സമേതം തിയേറ്ററില്‍ എത്തിയ സാധാരണ പ്രേക്ഷകന്റെ പ്രതീക്ഷകളൊക്കെ അസ്ഥാനത്തായി പോയിരിക്കാം .

മോഹൻലാലിനെയും മമ്മൂട്ടിയേയുമൊക്കെ ആയിരുന്നു കുട്ടിയപ്പനായി ആദ്യം പരിഗണിച്ചിരുന്നത് എന്ന് കേട്ടു. അവർ ചെയ്യാഞ്ഞത് നന്നായി. കാരണം ഇത് കഥാപാത്രത്തിനു വേണ്ടിയുള്ള കഥയല്ല, മറിച്ച് കഥയിലൂടെ സഞ്ചരിക്കുന്നവർ മാത്രമാണ് ഇതിലെ കഥാപാത്രങ്ങൾ . അതുകൊണ്ട് തന്നെ കുട്ടിയപ്പനായി ബിജു മേനോന് കാര്യമായിട്ടൊന്നും ചെയ്യാനില്ലായിരുന്നു . ശരീരഭാഷകൊണ്ടും, അവതരണം കൊണ്ടും പിള്ളേച്ചനെന്ന കഥാപാത്രം വിജയ രാഘവൻ എന്ന നടന്റെ കൈകളിൽ ഭദ്രമായിരുന്നു . ഇന്ദ്രൻസ് ചേട്ടനും കഥാപാത്രമായി ജീവിച്ചു . ലീല എന്ന കഥാപാത്രത്തെ പാര്‍വതി നമ്പ്യാര്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്തു . വളിച്ച കോമഡി വേഷങ്ങള്‍ മാത്രമല്ല ,വേണമെങ്കില്‍ അത്യാവശ്യം നല്ല കഥാപാത്രങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാനും തനിക്ക് അറിയാമെന്നു ജഗദീഷും തെളിയിച്ചു. കാസ്റ്റിങ്ങിൽ സംവിധായകനു പിഴവ് പറ്റിയിട്ടില്ല .പക്ഷെ എവിടെയൊക്കയോ കുറേ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ടു . അനാവശ്യമായി കുത്തി തിരുകിയ രംഗങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നത് ഒരു പ്ലസ് പോയിന്റാണ് . പക്ഷെ കഥ വായിച്ചാൽ കിട്ടുന്നത് പോലെ ആകാംശയിലാഴ്ത്തുന്ന രീതിയിൽ ചിത്രത്തെ ഒരുക്കിയെടുക്കാനും,കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയെ സിനിമയക്കിയെടുക്കാനും സംവിധായകന്‍ കഷ്ടപ്പെടുന്നത് ചിത്രത്തിലുടനീളം പ്രകടമാണ് . അത് അറിയാത്ത വിധം ഒരുക്കാൻ നോക്കിയപ്പോളാണ് ചിലയിടത്തൊക്കെ കൈവിട്ടു പോയത്. ചായായാഗ്രഹണം നന്നായിട്ടുണ്ട് . മേക്കപ്പ് ആർട്ടിസ്റ്റുകൾ അവരുടെ തൊഴിലിനോട് നീതി പുലർത്തി . വലിയ മുതൽ മുടക്കൊന്നും ഇല്ലാത്തതിനാൽ ചിത്രം സാമ്പത്തിക വിജയമാകുമെന്ന് നിസ്സംശയം പറയാം. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ക്ക് റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ കിട്ടാതെ വരുന്നതും, വാണിജ്യ വിജയമാകാതെ മുടക്ക് മുതല്‍ പോലും ലഭിക്കാതെ വരുന്നതുമൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരമൊരു അവസ്ഥ ഉണ്ടാകാതെ ലീലയെ വാണിജ്യ വിജയമാക്കി മാറ്റാന്‍ സാധിച്ചതില്‍ രഞ്ജിത്ത് എന്ന നിര്മ്മാതാവിനു ഒരിക്കല്‍ കൂടി സൗത്ത് ഇന്ത്യന്‍ ഫിലിംസിന്‍റെ വക അഭിനന്ദങ്ങള്‍ അറിയിക്കുന്നു .

ബുദ്ധി ജീവി കളിക്കാൻ താല്പര്യം ഇല്ലാത്തത്‌ കൊണ്ടും ഞങ്ങളുടെ റിവ്യൂസ് വായിച്ച് നിങ്ങളിൽ ചിലരെങ്കിലും തിയേറ്ററിൽ പോകുന്നതിനാലും , നിങ്ങളെ ചതിക്കാൻ സൗത്ത് ഇന്ത്യന്‍ ഫിലിംസിന് ഉദ്ദേശമില്ല .
അതുകൊണ്ട് വാരി വലിച്ച് റേറ്റിംഗ് കൊടുക്കാനും പറ്റുന്നില്ല .നിങ്ങൾ എല്ലാവരും ചിത്രം തിയേറ്ററിൽ പോയി കാണണം, ലീല ടീമിന്റെ ഈ ശ്രമത്തെ വിജയിപ്പിക്കണം. ഇത് മലയാള സിനിമയ്ക്കൊരു മാതൃകയാകട്ടെ , ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കട്ടെ ..

ഇവിടെ എഴുതിയിരിക്കുന്നത് സൗത്ത് ഇന്ത്യന്‍ ഫിലിംസിന്‍റെ സ്വകാര്യ അഭിപ്രായം മാത്രമാണ്.
മറ്റുള്ള ഒരു റിവ്യൂ പോലും ഞങ്ങള്‍ ഇതിനു ആധാരമാക്കിയിട്ടില്ല .ഞങ്ങള്‍ക്ക് തോന്നിയത്, ഞങ്ങള്‍ കണ്ടത് , അനുഭവിച്ചത് എന്താണോ , അതിന്റെ ചൂട് പോലും ആറാതെയാണ് ഈ പോസ്റ്റ്‌ ഇടുന്നത്.

(നിങ്ങൾക്ക് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന അനുഭവം എങ്ങനെയുള്ളതാകുമെന്നു പറയാനാകില്ല. അതുകൊണ്ട് തന്നെ ഇത്‌ വായിച്ച ശേഷം ആരും പടം കാണാൻ പോകാതെ ഇരിക്കരുത്. ഒരു കാര്യം ഉറപ്പു തരാം, നിങ്ങൾ വലിയ ആഘാതമായ സിനിമാ നിരീക്ഷകരല്ല എങ്കിൽ, അമിത പ്രതീക്ഷകൾ ഒന്നുമില്ലാതെ പടം കാണാൻ പോയാൽ ലീല എന്ന ചിത്രം നിങ്ങൾക്ക് നൽകുന്നത് ഒരു വ്യത്യസതമായ അനുഭവമായിരിക്കും )
Rating : 2.5/5
ഇത് വായിച്ചിട്ട് ഏതെങ്കിലും തത്വ ചിന്തകന്മാർക്ക്‌ ദേഷ്യം വന്നിട്ട് എന്നാൽ നീയൊരു പടമെടു ത്ത് കാണിക്കട എന്നൊക്കെ വെല്ലുവിളിച്ചാൽ. ഒന്നേ പറയാനുള്ളൂ . പശുവിന്റെ പാല് കുടിക്കുന്നവരൊക്കെ അതിന്റെ പാല് കറക്കാൻ അറിയണമെന്നു വാശി പിടിക്കരുത്‌ . ഞാനെന്റെ കാശ് കൊടുത്താണ് പാല് വാങ്ങിക്കുന്നത്. അതിൽ വെള്ളം ചേർത്താൽ ചിലപ്പോ ചോദിച്ചെന്നിരിക്കും . അങ്ങനെ കൂട്ടിയാ മതീട്ടോ !
(Special Note : ഇതുപോലൊരു അവസരം ഇത്തവണത്തെ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ്‌ നേടിയ ഉണ്ണി ആര്‍ തന്നെ എഴുതിയ “ഒഴിവു ദിവസത്തെ കളി ” എന്ന ചിത്രത്തിന് ലഭിച്ചിരുന്നെങ്കിൽ നിങ്ങൾ അതിനു നല്കുന്നത് നിറഞ്ഞ മനസ്സോടെയുള്ള കയ്യടിയാകുമായിരുന്നു. )