സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിന് 10 ടണ്‍ തക്കാളി ; തക്കാളിയില്‍ കുളിച്ച് ജോയ് മാത്യു , വൈറല്‍

ടി അരുണ്‍കുമാര്‍ കഥയും തിരക്കഥയും എഴുതി സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാ ടൊമാറ്റിന. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. തക്കാളിയ്ക്ക് പൊള്ളുന്ന വിലയാണ് മാര്‍ക്കറ്റില്‍. ഈ സാഹചര്യത്തിലും ടൊമാറ്റോ ഫെസ്റ്റിവല്‍ നടത്തിയിരിക്കുകയാണ് ലാ ടൊമാറ്റിനോ ടീം.

ക്ലൈമാക്‌സിന് വേണ്ടി ഉപയോഗിച്ചത് പത്ത് ടണ്‍ തക്കാളി ആയിരുന്നു. സ്പെയിനില്‍ എല്ലാവര്‍ഷവും നടക്കുന്ന വളരെ പ്രശസ്തമായ ഫെസ്റ്റിവലാണ് ലാ ടൊമാറ്റിന. ഈ ഫെസ്റ്റിവലിന്റെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്ന രീതിയിലാണ് ചിത്രത്തിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. മലയാള സിനിമയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ആക്ഷന്‍ സീനിലെ പ്രധാന പ്രോപ്പര്‍ട്ടിയായി തക്കാളി മാറുന്നതും ഇത്തരത്തില്‍ ടൊമാറ്റോ ഫെസ്റ്റിവല്‍ കേരളത്തില്‍ ചിത്രീകരിക്കുന്നതും ആദ്യമാണ്.

ജോയ് മാത്യു ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ഒരു ജനാധിപത്യ സ്വഭാവമുള്ള നാട്ടില്‍ വ്യക്തികളുടെ സ്വകാര്യത തന്നെ ഹനിക്കത്തക്ക വിധത്തില്‍ സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞുകയറാന്‍ പര്യാപ്തമായ ചില നിഗൂഢ ശക്തികളുടെയും അവയുടെ നിരീക്ഷണത്തിലാക്കപ്പെട്ടവരുടെയും കഥയാണ് ലാ ടൊമാറ്റിന പറയുന്നത്.

അഞ്ചു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ചിത്രത്തില്‍ കോട്ടയം നസീര്‍, ശ്രീജിത്ത് രവി, പുതുമുഖ താരം രമേശ് രാജശേഖരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖ താരം മരിയ തോംസണ്‍ ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിന്ധു എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Comment