കുരുതി : സിനിമയും ആശയവും. ഡോക്ടർ കീർത്തി പ്രഭ എഴുതിയ കുരുതിയുടെ റിവ്യൂ വായിക്കാം….

മനു വാര്യർ സംവിധാനം ചെയ്ത് റോഷൻ മാത്യു,സ്രിന്ദ, പ്രിഥ്വിരാജ്, മാമുക്കോയ,മുരളി ഗോപി,റസ്ലൻ,സാഗർ,ഷൈൻ ടോം ചാക്കോ,മണികണ്ഠൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുരുതി എന്ന മലയാള ചലച്ചിത്രം അതിന്റെ പ്രമേയം കൊണ്ട് ചർച്ചയാവുകയാണ്.പ്രമേയം ഉണ്ടാക്കുന്ന ഒരു പ്രക്ഷുബ്ധതയ്ക്കപ്പുറം ഒരു സിനിമയുടേതായ മേന്മകൾ കുരുതിക്ക് ഉണ്ട് എന്ന് പറയാനാവില്ല. 
അഭിനയമികവിൽ മുന്നിട്ടു നിന്നത് റോഷനും ശ്രിന്ദയും റസ്ലിനും മുരളിഗോപിയും ആണ്. പൃഥ്വിരാജ് ചെയ്ത ലായിക് എന്ന കഥാപാത്രത്തിനോട് അദ്ദേഹത്തിന് പൂർണമായും നീതി പുലർത്താനായോ എന്നത് സംശയമാണ്. അദ്ദേഹത്തിൻറെ സംഭാഷണങ്ങളിലും ചലനങ്ങളിലും മുഴുവൻ ഒരു നാടകീയത മുഴച്ച് നിന്നിരുന്നു.തൻറെ ഇമേജിനെ കുറിച്ച് ഭയമുള്ള ഒരു നടനല്ല പൃഥ്വിരാജ് എന്ന് ഈ സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാവും. സിനിമയുടെ അവതരണ ശൈലിയിലും ഒരു പ്രത്യേക സമയം മുതൽ നാടകീയതയുടെ അതിപ്രസരമായിരുന്നു. ഉറക്കെയുള്ള സംസാരങ്ങളും അട്ടഹാസങ്ങളും സംഘട്ടനങ്ങളും പ്രക്ഷുബ്ധമായ രംഗങ്ങളും ഒക്കെ സംഭവിക്കുമ്പോഴും ഒരു നാടകത്തിലേതു പോലെ തദ്ദവസരത്തിൽ രംഗത്തുള്ള കഥാപാത്രങ്ങളിൽ മാത്രം ഒതുക്കി ചുറ്റുപാടും മറ്റാരുമേയില്ല എന്ന ഒരു പ്രതീതി നിലനിർത്തിക്കൊണ്ടുള്ള ഓട്ടമായിരുന്നു ഒരു പ്രത്യേക സമയം മുതൽ സിനിമയിൽ സംഭവിച്ചത്. നമുക്കും ഒന്ന് കൂടെ ഓടാൻ ഒക്കെ തോന്നും. പക്ഷെ ഇടയ്ക്ക് എവിടെയൊക്കെയോ വെച്ച് നമ്മൾ ഓട്ടം നിർത്തി ഇരുന്നു പോകും. കഥാപാത്രങ്ങൾ ഓടിക്കൊണ്ടേയിരിക്കും. കഥാപാത്രങ്ങളോടൊപ്പം തന്നെ പ്രേക്ഷകനെയും സഞ്ചരിപ്പിക്കുന്ന ഒരു സിനിമ കൂടുതൽ ആസ്വാദ്യകരമായിരിക്കും. പക്ഷേ അത് കുരുതിയിൽ സംഭവിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. 


ഇനി നമുക്കൊന്ന് കുരുതിയുടെ പ്രമേയത്തിലൂടെ സഞ്ചരിക്കാം.മതതീവ്രവാദത്തെ എതിർക്കുന്നത് എങ്ങനെയാണ് മതവിരുദ്ധമാവുന്നത്?എല്ലാ മതത്തിലുമുണ്ട് മതതീവ്രവാദികൾ.അവരോളം വലിയ വിപത്ത് മറ്റെന്താണ് ഈ ലോകത്ത്?കുരുതി ഏതെങ്കിലും ഒരു മതത്തിനു വിരുദ്ധമായി മാത്രം സംസാരിക്കുന്ന സിനിമയായി തോന്നിയില്ല.സിനിമയുടെ അവസാനം ആരെങ്കിലും ഒരാൾ ജയിക്കണം എന്ന് നിങ്ങൾ ആഗ്രഹിച്ചിരുന്നോ?എങ്കിൽ നിങ്ങളിലും ഒരു വർഗീയവാദി ഒളിഞ്ഞിരിക്കുന്നുണ്ട്.
ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളും ഹിന്ദു മുസ്ലിം വർഗീയതകളും എങ്ങനെയാണ് ഒരു മനുഷ്യൻറെ മനസ്സിൽ മുളപൊട്ടുന്നത്,എങ്ങനെയാണ് അത് വളർന്നു പന്തലിക്കുന്നത് എന്നതിനെപ്പറ്റിയുള്ള ഒരു ചിത്രം തരാനാണ് കുരുതി ശ്രമിക്കുന്നത്. പകയും വെറുപ്പും മനുഷ്യ ജീവിതങ്ങളെ എത്രത്തോളം സങ്കീർണമാക്കുന്നുണ്ട്?ഏറ്റവും അമൂല്യമായി നമുക്ക് ലഭിക്കുന്ന ഒരേയൊരു ജീവിതത്തിന്റെ ഒരോ നിമിഷത്തെയും സ്നേഹപൂർവം ആശ്ലേഷിച്ച്, ആസ്വദിച്ച് ജീവിക്കേണ്ട സമയത്ത് പകയും വിദ്വേഷവും വെറുപ്പും ഒക്കെ കാൻസർ പോലെ മനുഷ്യമനസ്സുകളെ കാർന്നു തിന്നുമ്പോൾ ഉണ്ടാവുന്ന അതിഭീകരമായ സങ്കീർണതകളാണ് കുരുതി പറയാൻ ശ്രമിച്ചത്. 
വർഗീയതയുടെ പ്രത്യാഘാതങ്ങൾ ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരനാണ്. സാധാരണക്കാരനിലൂടെ തന്നെയാണ് വർഗീയതയുടെ തീ പടർത്താൻ അതിൻറെ വക്താക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. വർഗീയതയുടെ അത്തരം കടന്നാക്രമണങ്ങളെ പ്രതിരോധിക്കാൻ നിർബന്ധിതരാകുന്ന ഒരുകൂട്ടം സാധാരണക്കാരെയും കുരുതിയിലൂടെ നമുക്ക് കാണാം. കുരുതി എന്ന സിനിമ അവശേഷിപ്പിക്കുന്ന ആശയം വളരെ വലുതാണെങ്കിലും സിനിമ എന്ന കല അതിൽ വളരെ കുറച്ചു മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ.
ഇനി കുരുതിയെ ഒന്ന് നമുക്കിടയിലേക്ക് കൊണ്ടുവന്നാലോ?വെറുപ്പ് മറ്റ് വികാരങ്ങളെ പോലെ തന്നെ നമ്മുടെയെല്ലാം ഉള്ളിലുള്ളതാണ്.അതിന് വെള്ളവും വളവും ഒഴിച്ച് വളർത്തി ഞങ്ങൾ,നിങ്ങൾ എന്നിങ്ങനെയെല്ലാം തരംതിരിവുണ്ടാക്കി മറ്റു വികാരങ്ങൾക്കെല്ലാം മുകളിലായി മനുഷ്യനിലെ വെറുപ്പ്,പക,വിദ്വേഷം എന്നീ വികാരങ്ങളെ മാത്രം പരിപോഷിപ്പിക്കാൻ താൽപര്യപ്പെടുന്ന മെസേജുകളും പല തീവ്ര ആശയങ്ങൾ വിളമ്പുന്ന എഴുത്തുകളും വീഡിയോകളും വാട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ കിടന്നു കറങ്ങുന്നതും കുരുതി പറയുന്നതും തമ്മിൽ യാതൊരു വ്യത്യാസവും ഇല്
ഇനി ഇതൊന്നുമല്ലാത്ത മറ്റൊരു കാര്യം പറയാം.”നീ ഓള കെട്ടി കൊണ്ടന്നാ പിന്നെ ഓള് വെച്ച് ഉണ്ടാക്കുന്നത് പിന്നെ ഓള്ടെ ഔദാര്യമല്ല. കടമയാണ്.” സ്ത്രീകളെ വീടിനുള്ളിൽ ഒതുക്കാൻ വളരെ തന്ത്രപൂർവ്വം നമ്മൾ ഉപയോഗിക്കുന്ന ഒരു കുതന്ത്രം.അല്ലേ? മാമുക്കോയയുടെ കഥാപാത്രത്തിന്റെ ഡയലോഗ് ആണ്.വേണമെങ്കിൽ ഒരു സർക്കാസം ആയിട്ട് നമുക്ക് എടുക്കാം.കൂടുതൽ പറയുന്നില്ല.ഈ പരമമായ സത്യം സിനിമയിലും ജീവിതത്തിലും ഒക്കെ വിളിച്ചു പറയാൻ ധൈര്യം കൊടുക്കുന്ന നമ്മുടെ സിസ്റ്റത്തെ പറ്റി ഒരുപാട് എഴുതാറുണ്ട്, ചിന്തിക്കാറുണ്ട്, അതുകൊണ്ട് ഇതിവിടെ പറയാതെ വയ്യ.
മതവുമായി ബന്ധപ്പെട്ടും പല പ്രത്യയശാസ്ത്രങ്ങളും ആയി ബന്ധപ്പെട്ടും വ്യവസ്ഥാപിത ചിട്ടകളുമായി ബന്ധപ്പെട്ടും ഉള്ള പല നിയമങ്ങളും കുട്ടിക്കാലം മുതൽക്കുതന്നെ പല രീതിയിലുള്ള വിദ്വേഷത്തിന്റെ വിത്തുകൾ നമ്മളിൽ പാകുന്നുണ്ട്.ജാതീയവും മതപരവുമായിട്ടുള്ള വിദ്വേഷവും സ്ത്രീവിരുദ്ധതയും എല്ലാം ഇത്തരത്തിൽ ഒരു വ്യക്തിയെ കുട്ടിക്കാലം മുതൽക്കേ പാകപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്.ആ വിദ്വേഷത്തിന്റെ വിത്ത് കണ്ടെത്താൻ ശ്രമിക്കുകയാണ് കുരുതി.
ഒറ്റവാക്കിൽ പറഞ്ഞാൽ ജാതിമത,ന്യൂനപക്ഷ ഭൂരിപക്ഷ ചിന്തകൾക്കതീതമായി മനുഷ്യനാവണം എന്നതാണ് കുരുതി പറയുന്നത്. മറ്റെന്തെങ്കിലും തരത്തിലുള്ള വെറുപ്പും പകയും വിദ്വേഷവും കുരുതി നിങ്ങളിൽ അവശേഷിപ്പിച്ചിട്ടുണ്ട് എങ്കിൽ വർഗീയത എന്ന വിഷം നിങ്ങളിലും തീണ്ടിയിട്ടുണ്ട് എന്ന് നിങ്ങൾ ഭയക്കേണ്ടിയിരിക്കുന്നു.അതായത് എന്തിന്റെ പേരിലായാലും തമ്മിൽ തല്ലുന്നത് നാശത്തിൽ കലാശിക്കും എന്ന് സാരം. സിനിമ ഇതാണ് പറയുന്നതെങ്കിലും ചിലർ സിനിമയുടെ പേരും പറഞ്ഞ് തമ്മിൽ തല്ലുന്നു.കഷ്ടം തന്നെ.
കുരുതിയെപ്പറ്റി എഴുതാൻ പ്രേരിപ്പിച്ചത് കുരുതി എന്ന ആശയമാണ്. കുരുതി എന്ന സിനിമയല്ല.വർത്തമാനകാല സാമൂഹിക സാഹചര്യവും കുരുതിയും പറയുന്നത് ഒന്നാണ്.നമുക്കുള്ളിലെ വിദ്വേഷത്തെ വളർത്തി അതും കൊണ്ട് കാൽപന്തുകളി കളിക്കുന്നവരുണ്ട് ചുറ്റിലും. അവർ ഒരു പ്രത്യേക മതമില്ല ജാതിയില്ല വർഗമില്ല.കളിക്കാരുടെ കാലിലെ പന്തായി ഉരുണ്ടുരുണ്ട് പോയി വെറുപ്പ് പടർത്താൻ റെഡി ആയി നമ്മളിൽ ചിലരും.നല്ല കഥ……..
ഡോ.കീർത്തി പ്രഭ#KuruthiOnPrime Prithviraj Sukumaran 
Roshan Mathew

ReplyForward

Leave a Comment