എങ്ങാണ്ടൊക്കെ പോയാലും . . . കേശു ഈ വീടിന്റെ നാഥനിലെ കിടിലന്‍ വീഡിയോ ഗാനം പുറത്തിറങ്ങി

മികച്ച പ്രേക്ഷക പ്രിതികരണം നേടി മുന്നേറുകയാണ് ജനപ്രിയ നായകന്‍ ദിലീപ് – നാദിര്‍ഷാ ടീം ഒന്നിച്ച ചിത്രം കേശു ഈ വീടിന്റെ നാഥന്‍. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. എങ്ങാണ്ടൊക്കെ പോയാലും എന്ന ഗാനം ആലപിച്ചിരിക്കുന്നത് കണ്ണൂര്‍ ഷരീഫ് ആണ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നാദിര്‍ഷയാണ്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ എത്തിയത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി എന്റെര്‍ടെയ്‌നറാണ് ചിത്രം. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍.

തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലൂടെ ശ്രദ്ധേയനായ നസ്ലിനും ‘ജൂണ്‍’ ഫെയിം വൈഷ്ണവിയും ആണ് ദിലീപിന്റെ മക്കളായി ചിത്രത്തില്‍ അഭിനയിക്കുന്നത്. പൊന്നമ്മ ബാബുവാണ് ചിത്രത്തില്‍ കേശുവിന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത്.

അനുശ്രീ, ഹരിശ്രീ അശോകന്‍, സലീം കുമാര്‍, സ്വാസിക, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, അബുസലീം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് പാഴൂര്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

കമ്മാരസംഭവം എന്ന ചിത്രത്തില്‍ പ്രായമായ ഗെറ്റപ്പിലെത്തിയ ദിലീപിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം കുടുംബസദസ്സിന് പൊട്ടിച്ചിരിക്കാനുള്ള കോമഡി ചിത്രമായാണ് ദിലീപും നാദിര്‍ഷയും എത്തിയത്.

Leave a Comment