കമ്മട്ടിപ്പാടം –
ഇന്ന് നമ്മെ വിസ്മയിപ്പിക്കുന്ന ഏതൊരു മഹാ നഗരത്തിന് പിന്നിലും അധികമാരും അറിയാത്തൊരു ചരിത്രമുണ്ടാകും.
എറണാകുളം എന്ന നഗരം ഇന്നത്തെ രീതിയിലേക്ക് ആയതിനു പിന്നിലും അങ്ങനെ കുറെ മനുഷ്യരുടെ സ്ഥലങ്ങളുടെ മണ്ണിനടിയിലായ ചരിത്രമുണ്ട്. അതാണ് “കമ്മട്ടിപ്പാടം”. കേവലമൊരു ഒരു ആക്ഷന്‍ സിനിമ എന്നതിനപ്പുറം കാലഘട്ടങ്ങളുടെയും സൗഹൃദത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും ആത്മാർത്ഥാവിശ്ക്കാരമാണ് “കമ്മട്ടിപ്പാടം”…!!
രാജീവ് രവി എന്ന പ്രതിഭയോടുള്ള പ്രത്യേക ഇഷ്ടത്തിന് കാരണം അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളെ അവതരിപ്പിച്ച രീതിയിലെ വാണിജ്യപരമായ കൂട്ടിചേർക്കലുകൾ ഇല്ല എന്നതാണ്…അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലൂപ്പസ് തുടങ്ങി അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ ആദ്യ ദിവസം തന്നെ കണ്ട എനിക്ക് അദ്ദേഹത്തിന്റെ മൂന്നാമങ്കം കാണുക എന്നത് രണ്ടാം ദിവസത്തിലേക്ക് മാറ്റി വയ്ക്കുവാനാകുന്നതല്ല. ആദ്യ രണ്ട് സിനിമകളിലും രാജീവ് രവി തയ്യാറാക്കിയ അതേ രീതിയില്‍, പച്ചയായ ജീവിതങ്ങൾ അതിന്റേതായ രീതിയില്‍ ഒരു ഒത്തു തീർപ്പിനും തയ്യാറാകാതെ പൂര്‍ണമായ തികവോടെ വെടിപ്പോടെ ഇതിലും അവതരിപ്പിച്ചിരിക്കുന്നു.
വിവിധ കാലഘട്ടങ്ങളിൽ കഥാപാത്രങ്ങൾക്ക് ഇത്രയേറെ സാമ്യമുള്ള ഒരു താരനിർണ്ണയം ഒരു പക്ഷേ മലയാള സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും…!!! ദുൽഖറിന്റെയും വിനായകന്റെയും പുതുമുഖം മണികണ്ഠന്റെയുമൊക്കെ ബാല്യ കൗമാര യൗവനാദികൾ നമ്മളെ ശരിക്കും ഞെട്ടിക്കും എന്നത് ഒരു ചെറിയ നഗ്ന സത്യം മാത്രം.
ഓരോ സിനിമകള്‍ കഴിയുംതോറും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്ന ദുൽഖർ സൽമാന്റെ മികച്ച പ്രകടനം, കാലഘട്ടങ്ങൾക്ക് ആവശ്യമായ ശരീരഭാഷ കുറ്റമറ്റ രീതിയില്‍ അവതരിപ്പിച്ചു….!!
താരങ്ങളിൽ താരമായി വിനായകനും പുതുമുഖം മണികണ്ഠനും….രണ്ട് പേരും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു….വിനായകൻ ചില സീനുകളിൽ വിസ്മയാവഹമായ പ്രകടനം കാഴ്ച്ച വച്ചു…നിങ്ങ വേറെ ലെവലാണ്…ലോകസിനിമ നാളെ താങ്കളെ അംഗീകരിക്കും ഉറപ്പ്….!! തമാശക്കാരനായി മാത്രം വന്നിരുന്ന സൗബിന്‍ താഹിര്‍ കട്ടകലിപ്പ് കാണിച്ച് ഒന്നൊന്നര ഞെട്ടിക്കൽ ഞെട്ടിച്ചു…!! ബാക്കി എല്ലാ താരങ്ങളും കഥയോട് അലിഞ്ഞു ചേര്‍ന്ന് ജീവിച്ചു.
ജീവിതഗന്ധിയായ സംഭാഷണങ്ങളും മുഹൂർത്തങ്ങളും സിനിമാനുഭവത്തെ ജീവിതാനുഭവമാക്കി മാറ്റി….!!
പച്ചയായ ജീവിതം, വേറിട്ട പ്രമേയം, സ്ഥിരം സിനിമാരസകൂട്ടുകൾ കലരാത്ത ഒരു മികച്ച സൃഷ്ടി കാണാന്‍ ആഗ്രഹിക്കുന്നവർ കാണുക ഈ സിനിമ.
ഇതൊരു ചരിത്ര സിനിമയല്ല…ചരിത്രത്തിലൂടെ സഞ്ചരിച്ച് നാമിന്ന് കാണുന്ന ഈ മാറ്റങ്ങളുടെ കാരണം കാണിക്കുന്ന അതോടൊപ്പം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ജീവിതത്തിന്റെയും വേറിട്ട മുഖം കാട്ടുന്ന രാജീവ് രവി സ്പെഷല്‍ ക്ലാസ് സിനിമയാണ് “കമ്മട്ടിപ്പാടം” !