മലയാളത്തിലെ പ്രശസ്ത നടനും നിര്‍മ്മാതാവുമായ ജോജു ജോര്‍ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പുലിമട. ചിത്രത്തിന്റെ ഷൂട്ടിംങ് വയനാട്ടില്‍ ആരംഭിച്ചു. പ്രശസ്ത തമിഴ് നടി ഐശ്വര്യ രാജേഷ് ആണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ കെ സാജന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇങ്ക് ലാബ് സിനിമാസിന്റെ ബാനറില്‍ ഡിക്‌സണ്‍ പൊടുത്താസും, സുരാജ് പി. എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങും ഇന്നാണ് നടന്നത്.
ഒറ്റ ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയില്‍ ഒട്ടേറെ മികച്ച താരങ്ങള്‍ ആണ് അണിനിരക്കുന്നത്. ചെമ്പന്‍ വിനോദ്, സോനാ നായര്‍, ദിലീഷ് നായര്‍, അബു സലീം, ബാലചന്ദ്ര മേനോന്‍, ഷിബില, അഭിരാം, റോഷന്‍, കൃഷ്ണ പ്രഭ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ സൂര്യ നായകനായെത്തിയ ജയ്ഭീം എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ ലിജോമോള്‍ ജോസും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതവും പാശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ചിത്രം എഡിറ്റ് ചെയ്യുന്നത് വിവേക് ഹര്‍ഷന്‍ ആണ്. വിനേഷ് ബംഗ്ലാന്‍ ആണ് ഈ ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത്.