മലയാളം തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യം എന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് അദൃശ്യം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോജു ജോര്‍ജ് ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുകയാണ്. അയ്യപ്പ ഭക്തി ഗാനമാണ് ജോജു ആലപിച്ചിരിക്കുന്നത്. ‘ചന്ദ്രകലാധരന്‍ തന്‍ മകനേ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്.
ജോജു ജോര്‍ജ് കൂടാതെ നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാണ് ചെന്നൈ പോണ്ടിച്ചേരി ഭാഗങ്ങളില്‍ ഷൂട്ടിംങ് നടത്തിയത്.
തമിഴില്‍ യുക്കി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാക്ക്യരാജ് രാമലിംഗമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതം ഒരുക്കുന്നു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.