“തെറി ” പറയാത്ത വില്ലന്‍

ഇളയ ദളപതി വിജയ്‌ നായകനായ ” തെരി ” എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്ത ബിനീഷ് ബാസ്റ്റിനുമായി സൗത്ത് ഇന്ത്യന്‍ ഫിലിംസ് നടത്തിയ അഭിമുഖം .

എണ്‍പതിലധികം മലയാള സിനിമകളില്‍ വേഷമിട്ടെങ്കിലും ബിനീഷ് ബാസ്റ്റിന്‍ എന്ന പേര് മലയാള സിനിമാ പ്രേമികള്‍ ശ്രദ്ധിച്ചു തുടങ്ങിയത് തെറി എന്ന തമിഴ് ചിത്രത്തിലൂടെയാണ് . മലയാളത്തില്‍ ചെറിയ ഗുണ്ടാവേഷങ്ങള്‍ ആയിരുന്നു ചെയ്തിരുന്നതെങ്കില്‍ തമിഴകത്ത് ബിനീഷിപ്പോള്‍ അല്‍പ്പം വലിയ ഗുണ്ടയാണ് . തമിഴകത്തെ ഇളയ ദളപതി വിജയുടെ വില്ലനായി അരങ്ങേറ്റം കുറിക്കാനായത്തിന്റെ ത്രില്ലിലാണ് ഈ ചെറുപ്പക്കാരന്‍ . താടിയും മുടിയും നീട്ടി വളര്‍ത്തിയപ്പോള്‍ ഏറെ വിമര്‍ശങ്ങള്‍ നേരിട്ടെങ്കിലും ബിനീഷിനതിപ്പോള്‍ രാശിയായി മാറി എന്ന് പറയാം അല്ലെങ്കില്‍ മലയാളിയായ ഒരു വില്ലനെ തേടിയുള്ള തിരച്ചിലില്‍ സംവിധായകന്‍ അറ്റ്‌ലീ ബിനീഷിനെ കണ്ടെത്തില്ലായിരുന്നു . ലുക്ക് മാത്രമേ ഉള്ളൂ ആളൊരു പാവത്താനാണ് താനെന്നു ബിനീഷ് തന്നെ പറയുന്നു . തമിഴകത്തിനു പുറമേ കേരളത്തിലും തരങ്കമായി മാറിയ തെറിയില്‍ അഭിനയിച്ചതിന്റെ വിശേഷങ്ങള്‍ സൗത്ത് ഇന്ത്യന്‍ ഫിലിംസുമായി പങ്കു വെയ്ക്കുകയാണ് ബിനീഷ് ബാസ്റ്റിന്‍ .

THERI 3

1. ശങ്കറിന്റെ ശിഷ്യനായ സംവിധായകന്‍ ,സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ താരം വിജയ്‌,തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം തന്നെ വലിയൊരു ടീമിനോടൊപ്പം . എങ്ങനെയുണ്ടായിരുന്നു ആ തുടക്കം …

സംവിധായകന്‍ അറ്റ്‌ലീ മലയാളിയായ ഒരു വില്ലനെ ചിത്രത്തിലേക്ക് തേടുന്നുണ്ടായിരുന്നു, ഒരുപാട് പേരുടെ ഫോട്ടോസ് കണ്ടിരുന്നെങ്കിലും കഥാപാത്രത്തിന് യോജിച്ച ആളെ തന്നെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ് എനിക്ക് തെരിയിലെ വില്ലന്‍ വേഷം കിട്ടാന്‍ കാരണമായത് . ചെന്നൈയിലുള്ള മീഡിയ സ്ക്രീന്‍ ടച്ച്‌ എന്ന സ്ഥാപനത്തിലാണ് ആ തിരച്ചില്‍ അവസാനിച്ചത് . എന്റെ ഫോട്ടോസ് കണ്ട് ഇഷ്ടപ്പെട്ട ശേഷമാണ് എനിക്ക് ചിത്രത്തിലേക്ക് വിളി വരുന്നത് , വിജയുടെ വില്ലന്‍ വേഷമാണ് ചെയ്യേണ്ടതെന്നും അതിനാല്‍ മുന്പ് അഭിനയിച്ച പ്രമോ വീഡിയോസ് കാണണമെന്നും അദ്ദേഹം പറഞ്ഞു, ഉടന്‍ തന്നെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഏയ്‌ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിലെയും കാട്ടുമാക്കാന്‍ എന്ന ചിത്രത്തിലെയും വിഡിയോ അയച്ചു , പിന്നീട് ചിത്രത്തിലേക്ക് എന്നെ തിരഞ്ഞെടുത്തതായി അറിയിപ്പ് വന്നു . ആദ്യമൊക്കെ തീര്‍ത്തും വിശ്വസിക്കാന്‍ തന്നെ പറ്റിയിരുന്നില്ല . വിജയ്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ നാട്ടുകാരും വിശ്വസിച്ചിരുന്നില്ല . ഷൂട്ടിംഗ് തുടങ്ങി 3 മാസത്തിനു ശേഷമാണ് ഞാന്‍ ടീമിനോപ്പം ചേരുന്നത് , ശരിയ്ക്കും അതൊരു ടീം വര്‍ക്ക് തന്നെയായിരുന്നു ഗോവയില്‍ വെച്ചായിരുന്നു എന്റെ രംഗങ്ങളുടെ ഷൂട്ട്‌

2. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പുള്ള അനുഭവമെങ്ങനെയായിരുന്നു . . .

സത്യത്തില്‍ സംവിധായകനായ അറ്റ്‌ലീ സാറിനു പോലുമില്ലാത്ത ടെന്‍ഷനായിരുന്നു എനിക്ക് , കാരണം ഞാന്‍ ചിത്രത്തില്‍ അഭിനയിച്ച വാര്‍ത്ത റിലീസിന് മുന്പ് തന്നെ ഫ്ലാഷായിരുന്നു , ഇനി എന്റെ രംഗങ്ങള്‍ എന്തെങ്കിലും കട്ട് ചെയ്ത് കളയുമോ , എന്നൊക്കെ പേടിയുണ്ടായിരുന്നു കാരണം സിനിമയില്‍ അതൊക്കെ സ്വാഭാവികമാണ് , അതുകൊണ്ട് തന്നെ മലേഷ്യയില്‍ ഉള്ള സുഹൃത്തുക്കളെ വിളിച്ചു, ചിത്രം കണ്ട് അഭിപ്രായം പറയാന്‍ പറഞ്ഞിരുന്നു , അവിടൊക്കെ നേരത്തെയാണ് ഷോ . അവര്‍ പടം ഹിറ്റാകുമെന്നും , എന്റെ റോള്‍ ശ്രദ്ധിക്കപ്പെടുമെന്നും എന്നെ വിളിച്ചു പറഞ്ഞു . എങ്കിലും തിയേറ്ററില്‍ പോയി സിനിമ കണ്ട ശേഷമാണ് എനിക്ക് ജീവന്‍ നേരെ വീണത് .

3.വിജയ്‌ , ആമി ജാക്സന്‍ കോമ്പിനേഷന്‍ സീനുകള്‍ എങ്ങനെയുണ്ടായിരുന്നു …

വിജയ്‌ സാര്‍ ശരിക്കുമെന്നെ അത്ഭുതപ്പെടുത്തി , ഒരു സൂപ്പര്‍ സ്റ്റാറിന്റെ തലക്കനം തീരെ തീണ്ടാത്ത ഒരു മനുഷ്യന്‍ . കൂടെ അഭിനയിക്കുന്നവരുടെ വലുപ്പ ചെറുപ്പം നോക്കാതെ എല്ലാവരെയും പ്രോത്സാഹിപ്പിക്കും , നിര്‍ദേശങ്ങള്‍ തരും.. റീ ടെയ്ക്ക് എടുക്കേണ്ടി വന്ന സന്ദര്‍ഭത്തില്‍ എന്നോട് വന്നു പറഞ്ഞു , എന്നെ വിജയ്‌ എന്ന നടനായി കാണരുത്, ആ കഥാപാത്രമായേ കാണാവു എന്നൊക്കെ . അദ്ദേഹം പകര്‍ന്നു തന്ന ആത്മ വിശ്വാസമാണ് നന്നായി ആഭിനയിക്കാനൊക്കെ എനിക്ക് പ്രേരകമായത് . ലലെട്ടനോടൊപ്പവും , മമ്മൂക്കയോടോപ്പവുമൊക്കെ അഭിനയിച്ചിട്ടുള്ളതിനാല്‍ എനിക്ക് ടെന്‍ഷന്‍ ഒന്നും ഇല്ലായിരുന്നു . അതുകൊണ്ട് തന്നെ ഷൂട്ടിങ്ങിന് ചുറ്റും ആളു കൂടുമ്പോള്‍ ഞാനും അല്‍പ്പം ജാഡയൊക്കെ കാണിച്ചിരുന്നു . എന്നാല്‍ വിജയ്‌ സാറിനെ നേരിട്ട് കണ്ടപ്പോള്‍ മുതലാണ്‌ അതൊക്കെ ഇല്ലാതായത് , ഇത്രയും വലിയൊരു താരം ആളുകളോട് കാണിക്കുന്ന എളിമ മറ്റൊരു സൂപ്പര്‍ താരത്തിലും ഞാന്‍ മുന്‍പ് കണ്ടിട്ടില്ല . ഒരു രജനികാന്ത് ഫാന്‍ ആയിരുന്ന ഞാന്‍ ഇപ്പോള്‍ വിജയ്‌ ഫാന്‍ ആണ് , ആ നടന്റെ മാത്രമല്ല ആ മനുഷ്യന്റെയും .
theri villain 5 copy
ആമി ജാക്സണും ഈ പറഞ്ഞത് പോലെ തന്നെയാണ് , എന്നെ അവര്‍ കൈയ്യില്‍ കയറി പിടിച്ചിട്ട് തല്ലുന്ന സേനുകളൊക്കെയുണ്ട് , അത് വീണ്ടും വീണ്ടുമെടുക്കേണ്ടിവന്നപ്പോള്‍ , അവര്‍ എന്നോട് ക്ഷമിക്കണം, വേദനയെടുക്കുന്നുണ്ടോ എന്ന് ചോദിച്ചു . എന്നെപ്പോലൊരു ചെറിയ നടനോട് അവര്‍ അങ്ങനെ ചോദിക്കണമെങ്കില്‍ അവരുടെയും
മനസ്സ് വളരെ വലുതാണെന്ന് മനസിലാക്കാമല്ലോ .

4.സംവിധായകന്‍ അറ്റ്‌ലീയെക്കുറിച്ച് എന്ത് പറയുന്നു

തെരിയിലെ എന്റെ കഥാപാത്രത്തിന് ഇത്ര മൈലേജു ലഭിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുനില്ല , എങ്കിലും അറ്റ്‌ലീ സാര്‍ പറയുമായിരുന്നു ” നിന്റെ വേഷം നല്ലതാണ് , നീ ശ്രദ്ധിക്കപ്പെടും ” എന്നൊക്കെ . എന്‍റെ അഭിനയത്തിന് തിയേറ്ററില്‍ കയ്യടി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അറ്റ്‌ലീ സാറിന്റെ കൂടെ മികവാണ്, കാരണം ഒരു നടനെക്കൊണ്ട് എത്രത്തോളം മികച്ചതാക്കി ഒരു വേഷം ചെയ്യാമോ , അത്രയും ലഭിക്കുന്നത് വരെ അദ്ദേഹം അതിനു വേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കും . ശരിയ്ക്കും ശങ്കര്‍ സാറിന്റെ ശിഷ്യന്‍ എന്ന് തെളിയിക്കുന്ന മികവാണ് അറ്റ്‌ലീ എന്ന സംവിധായകനില്‍ കാണാന്‍ കഴിയുന്നത് .
THERI VILLAIN 2

5. ” തെരി ബേബി ‘ നൈനിക എങ്ങനെയുണ്ടായിരുന്നു ?

കുട്ടി സിനിമയില്‍ കുറച്ചു കുസൃതിയാണെങ്കിലും ആളൊരു പാവമാണ്, താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തിയ എന്റെ രൂപം കണ്ടിട്ട് ഞാനുമായുള്ള കോമ്പിനേഷന്‍ സീനുകളിലൊക്കെ കുട്ടി നല്ല കരച്ചിലായിരുന്നു . പിന്നെ ഞാന്‍ പറഞ്ഞു ഇതൊക്കെ അഭിനയിക്കാന്‍ വേണ്ടി വെച്ച് പിടിപ്പിച്ചതാണ് അതുകൊണ്ട് പേടിക്കണ്ട എന്ന് , എന്നിട്ടും പേടി മാറിയില്ലെങ്കില്‍ അറ്റ്‌ലീ സര്‍ കുട്ടിയുമായി സൈക്കിളില്‍ ഒക്കെ കറങ്ങി നടക്കും , അങ്ങനെ ഹാപ്പിയാക്കിയ ശേഷമാകും ഷൂട്ട്‌ തുടങ്ങുക .
nainika

6.മറ്റു രസകരമായ അനുഭവങ്ങള്‍

ഷൂട്ടിങ്ങിന് പോകുന്നതിനു മുന്പ് എന്റെ സ്വന്തത്തിലുള്ളതും, അയല്പക്കത്തുള്ളതുമായ കുട്ടികളൊക്കെ വിജയ്‌ സാറിന്റെ ഓട്ടോ ഗ്രാഫ് വാങ്ങിക്കൊടുക്കാന്‍ പറഞ്ഞിരുന്നു , സെറ്റില്‍ വെച്ച് ഞാന്‍ ഈ ആവശ്യം വിജയ്‌ സാറിനെ അറിയിച്ചപ്പോള്‍ എന്നോട് പോയി ബുക്കും പേനയും വാങ്ങി വരാന്‍ പറഞ്ഞു , ഞാന്‍ അതുമായി ചെന്ന് ഓരോ പേരുകളും പറഞ്ഞു ഓട്ടോ ഗ്രാഫ് വാങ്ങി , എല്ലാം കഴിഞ്ഞപ്പോള്‍ വിജയ്‌ സാര്‍ ചോദിച്ചു , ഇനി ആരെങ്കിലുമുണ്ടോ എന്ന് , ഞാന്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ മലയാളത്തില്‍ എന്നോട് പറഞ്ഞു “ഒന്ന് നന്നായി ഓര്‍ത്തു നോക്ക് , ആരെങ്കിലുമൊക്കെ ഉണ്ടാകും , ഇഷ്ടം പോലെ സമയം ഉണ്ട് ” . വിജയ്‌ സാറിനെക്കുറിച്ച് കേട്ടതുപോലെ അല്ല, അദ്ദേഹം എല്ലാവരോടും സംസാരിക്കും തമാശകള്‍ പറയും.. ആദ്യ തമിഴ് ചിത്രത്തിലഭിനയിച്ച എന്നോടിങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ , മറ്റുള്ളവരോട് എത്ര രസത്തിലാകും പെരുമാറുക എന്ന് പറയേണ്ടല്ലോ. നേരില്‍ കണ്ടാല്‍ ആരെയും ആരാധകനാക്കി മാറ്റാന്‍ കഴിവുള്ള നടനാണ്‌ വിജയ്‌ , അദ്ദേഹവുമായുള്ള അനുഭവങ്ങളായിരുന്നു ഏറ്റവും രസകരമായത് .

7.അഭിനയ മോഹവും , പിന്തുണയും

അഭിനയ മോഹം ചെറുപ്പം മുതലേ ഉള്ളതാണ് , അത് മുന്നില്‍ കണ്ടാണ്‌ ബോഡി ബില്‍ഡിങ്ങിലും , മോഡലിങ്ങിലുമൊക്കെ ശ്രദ്ധിച്ചത് . എന്നാല്‍ തുടക്കത്തില്‍ വീട്ടില്‍ നിന്നും , നാട്ടില്‍ നിന്നുമൊന്നും യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല . അവരെ കുറ്റം പറയാന്‍ പറ്റില്ല , കാരണം അവര്‍ക്ക് ഞാന്‍ നന്നായി കാണാനുള്ള ആഗ്രഹം കൊണ്ടാണ് ഓരോന്ന് പറയുന്നത് . സിനിമ അങ്ങനെ പെട്ടെന്നൊന്നും എത്തിപ്പെടാന്‍ പറ്റുന്ന ഒന്നല്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നു . പക്ഷെ കഠിന ശ്രമമുണ്ടെങ്കില്‍ നമുക്ക് നേടിയെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ല . ഇപ്പോള്‍ എന്റെ കുടുംബവും , നാടുകാരും എല്ലാം ഹാപ്പിയാണ് .

8.ചിത്രം റിലീസ് ചെയ്ത ശേഷം മലയാള സിനിമയിലെ ആരെങ്കിലും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നോ ?

തീര്‍ച്ചയായും, കൂടുതലും സംവിധായകരാണ് അഭിനന്ദിച്ചത് , ജയേട്ടന്‍ (ജയസൂര്യ ) പോലുള്ള നടന്മാരും മെസ്സേജുകള്‍ അയച്ചു അഭിനന്ദിച്ചു , തെരി യുടെ കേരളത്തിലെ വിതരണക്കാരായ ഫ്രൈഡേ ഫിലിം ഹൌസില്‍ നിന്ന് വിജയ്‌ ബാബു സാറും, സാന്ദ്ര ചേച്ചിയും വിളിച്ച് അഭിനന്ദഞങ്ങള്‍ അറിയിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, ഇനി അവര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളിലേക്ക് നല്ല വേഷങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കാം എന്ന് അറിയിച്ചു .

9.സിനിമയില്ലാത്തപ്പോള്‍ ജീവിതം ?

ഞാന്‍ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത് , സിനിമയില്ലാത്ത സമയത്ത് ടൈല്‍സ് പണി ചെയ്താണ് ജീവിക്കുന്നത് , സിനിമയില്‍ ഇനി എത്രയൊക്കെ തിരക്കുണ്ടായാലും ഈ ജോലി വിട്ടു കളയാതെ ജോലിക്കാരെ വെച്ച് നടത്തും . ഇപ്പോഴും ഞാന്‍ പണിക്ക് പോകാറുണ്ട് .

10. ഭാവി ?
തെരിയിലെ വേഷത്തിനു ശേഷം , തമിഴില്‍ തന്നെ മറ്റൊരു ഓഫര്‍ കൂടി വന്നിട്ടുണ്ട് . കാഞ്ചന രണ്ടാം ഭാഗത്തിനു ശേഷം ലോറന്‍സ് സംവിധാനം ചെയ്യുന്ന കാലഭൈരവനില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ട് . സംവിധായകന്‍ മാര്ത്താണ്ടന്‍ ചേട്ടന്‍ ഒരുപാട് അവസരങ്ങള്‍ ഒരുക്കി തന്നിട്ടുണ്ട് , മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ തമിഴില്‍ തന്നെ തുടരാനാണ് താല്‍പ്പര്യം.
theri villain 4
bineesh with vishnu

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ആരാധകനായിരുന്ന ബിനീഷ് ബാസ്റ്റിന് രജനി സാറിന്‍റെ വില്ലനായി അഭിനയിക്കുക എന്നതാണ് ഇനിയുള്ള സ്വപ്നം .
പാണ്ടിപ്പട , അണ്ണന്‍ തമ്പി , പാസഞ്ചര്‍ തുടങ്ങി പാവാട,ആക്ഷന്‍ ഹീറോ ബിജു വരെ എത്തി നില്‍ക്കുന്നു ബിനീഷിന്റെ അഭിനയ ജീവിതം . തെരിയിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ , പുറത്ത് ഇറങ്ങി നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് ബിനീഷിന് , സെല്ഫില്കളും , ഓട്ടോ ഗ്രാഫുമൊക്കെയായീ ആളുകള്‍ ചുറ്റും കൂടും . ഇപ്പോള്‍ മാധ്യമങ്ങളും ബിനീഷിന്റെ പുറകെയാണ് .. മലയാളത്തില്‍ നിന്നൊരു താരം തമിഴകത്ത് തെളിഞ്ഞതിന്റെ ആഘോഷമാണ് നാടെങ്ങും .
ബിനീഷിന്റെ അഭിനയ ജീവിതത്തിലെ തേരോട്ടത്തിനു സൌത്ത് ഇന്ത്യന്‍ ഫിലിംസിന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍ .

ENTERTAINMENT DESK
SOUTH INDIAN FILMS
REPORTER: AKHIL VISHNU V S