മൂന്ന് ദിവസംകൊണ്ട് മൂന്ന് മില്യണ്‍ കാഴ്ചക്കാര്‍ ; ‘അച്ചമില്ലൈ’ ഗാനത്തിന്റെ റിഹേഴ്‌സല്‍ വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് ഹോയ് സിനാമിക. ബൃന്ദ ഗോപാല്‍ മാസ്റ്റര്‍ സംവിധായികയാകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ട് മൂന്ന് ദിവസം ആയപ്പോള്‍ തന്നെ 3 മില്യണ്‍ കാഴ്ച്ചക്കാരാണ് ഉണ്ടായിരിക്കുന്നത്. ഈ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗാനം ഹിറ്റായതിന്റെ സന്തോഷം അറിയിച്ചിരിക്കുന്നത് റിഹേഴ്‌സല്‍ വീഡിയോ പങ്കുവെച്ചാണ്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ‘അച്ചാമില്ലൈ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റ റിഹേഴ്‌സല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഹേയ് സിനാമിക എന്ന ചിത്രത്തിന്റെ പോസ്റ്ററുകളടക്കം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അച്ചാമില്ലൈ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ദുല്‍ഖര്‍ തന്നെയാണ്. ചിത്രത്തിന് തിരക്കഥ രചിച്ച മദന്‍ കര്‍ക്കി തന്നെയാണ് ഈ ഗാനത്തിന് വരികളും രചിച്ചിരിക്കുന്നത്. ‘ഹേയ് സിനാമിക’ എന്ന ചിത്രം റിലീസ് ചെയ്യുന്നത് ഫെബ്രുവരി 25നാണ്.

കൊവിഡ് നിയന്ത്രണങ്ങളില്‍ ചിത്രത്തിന്റെ ഷൂട്ടിംങ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്നാണ് റിലീസ് വൈകിയത്. ചിത്രത്തിന് പാക്കപ്പ് പറഞ്ഞതിനു പിന്നാലെ ഹേയ് സിനാമിക ടീമിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം ദുല്‍ഖര്‍ തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. ബൃന്ദ മാസ്റ്ററോട് നിറയെ സ്‌നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണല്‍സ് ആയിരുന്നുവെന്നുമാണ് ദുല്‍ഖര്‍ കുറിച്ചത്.

നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംങ് സെറ്റില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. യാസന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന് നായികമാരായെത്തുന്നത് കാജല്‍ അഗര്‍വാളും, അദിതി റാവു ഹൈദരിയുമാണ്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://www.instagram.com/reel/CY3BKkMJZ4y/?utm_source=ig_web_copy_link

’96’ ലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ഗോവിന്ദ് വസന്ത് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന സിനിമയിലെ ഒരു ഗാനത്തില്‍ നിന്നുള്ളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കണ്‍മണിയിലെ നായകന്‍ ദുല്‍ഖറായിരുന്നു. കഥ, തിരക്കഥ, സംഭാഷണം, വരികള്‍ എന്നിവ ചെയ്യുന്നത് മധന്‍ കാര്‍ക്കിയാണ്.

Leave a Comment