നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം വരുന്നതിനിടെ വനിതാ മാഗസീനില്‍ വന്ന ദിലീപിന്റെ കുടുംബചിത്രത്തിന്റെ കവര്‍ പേജ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു. കേസില്‍ പ്രതിയായ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ പുനരന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്ത ദിവസം തന്നെയാണ് വനിതയുടെ കവര്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
വനിതാ കവറിനെ ന്യായീകരിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചത്. ‘2017-ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന്‍ ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. ഇപ്പോള്‍ ജാമ്യത്തിലാണ്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വനിത മാഗസിനെ ഓര്‍ത്ത് ലജ്ജിക്കുന്നു.’ എന്നായിരുന്നു അവരുടെ ട്വിറ്റര്‍ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം വനിതാ കവറിനെ ന്യായീകരിച്ച് നിരവധി സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ‘കമ്യൂണിസം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഒരാള്‍ക്ക് അമേരിക്കയില്‍ ചികല്‍സക്കുവേണ്ടി പോകാന്‍ പാടില്ലെ?..കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ക്ക് മനോരമയുടെ വനിതയില്‍ അഭിമുഖം കൊടുക്കാന്‍ പാടില്ലെ?..സത്യത്തില്‍ ഇതിനെയൊക്കെ വിമര്‍ശിക്കുന്നവരുടെ മാനസിക ആരോഗ്യമല്ലെ പരിശോധിക്കപെടെണ്ടത്?” എന്നായിരുന്നു ഹരീഷ് പേരടി കുറിച്ചത്.
‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും സ്‌നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. നുഷ്യത്വം അത് എല്ലാവരും ഒരുപോലെ അറിഹിക്കുന്നു.” എന്നായിരുന്നു നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് പങ്കുവെച്ച കുറിപ്പ്.
ട്രോള്‍ ഗ്രൂപ്പുകളിലും വനിത കവറിനെതിരെ പോസ്റ്റുകള്‍ നിരവധി വരുന്നുണ്ട്. വനിത കവറിനെ എതിര്‍ത്തുള്ള പോസ്റ്റുകള്‍ക്ക് അടിയില്‍ വനിതയെയും ദിലീപിനെയും പിന്തുണച്ചുള്ള കമന്റുകളും കാണാം. ഏറെ ഗോസിപ്പുകള്‍ക്കിടയിലാണ് ദിലീപിന്റേയും കാവ്യയുടേയും വിവാഹം നടന്നത്. വിവാഹ സേഷം ഇരുവര്‍ക്കും കുഞ്ഞുണ്ടായതും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.