‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാരി ശെല്‍വരാജ്. പിന്നീട് ധനുഷിന്റെ കര്‍ണ്ണന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടി. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ സചിത്രം പുഷ്പയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ഫഹദ് ഫാസില്‍ ശെല്‍വരാജിന്റെ പുതിയ ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
മാരി ശെല്‍വരാജിന്റെ പുതിയ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എ.ആര്‍. റഹ്‌മാന്‍ ആണ് മാരി സെല്‍വരാജിന്റെ പുതിയ ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ചിത്രത്തിന്റെ പ്രമേയമൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും മാരി ശെല്‍വരാജിന്റെ സംവിധാനത്തില്‍ കരുത്തുറ്റ് പ്രമേയം തന്നെയായിരിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങളെല്ലാം തന്നെ അധികം വൈകാതെ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
2017ല്‍ പ്രദര്‍ശനത്തിന് എത്തിയ ശിവകാര്‍ത്തികേയന്‍ നായകനായ ‘വേലൈക്കാരന്‍’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിജയ് സേതുപതി, സാമന്ത എന്നിവര്‍ അഭിനയിച്ച ‘സൂപ്പര്‍ ഡീലക്‌സ്’ എന്ന ചിത്രത്തിലും ഫാസില്‍ വേഷമിട്ടു. അല്ലു അര്‍ജുന്‍ നായകനായെത്തിയ തെലുങ്ക് ചിത്രം പുഷ്പയില്‍ വില്ലന്‍ വേഷമാണ് ഫഹദ് ചെയ്തത്. ഏറെ പ്രേക്ഷക പ്രശംസ നേടികൊടുത്ത കഥാപാത്രമായിരുന്നു അത്. അതുകൊണ്ട് തന്നെ ശെല്‍വരാജിന്റെ ചിത്രത്തിലെ വേഷവും ഏറ്റവും മികച്ചതായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.