‘ബുദ്ധിമുട്ടുള്ള തീരുമാനം ഞങ്ങള്‍ക്ക് എടുക്കേണ്ടിവന്നു, ‘ സല്യൂട്ട് ‘ റിലീസ് നീട്ടുന്നു ; തീരുമാനത്തിനു പിന്നിലെ സാഹചര്യം വിശദീകരിച്ച് ദുല്‍ഖര്‍

ലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ റിലീസ് തിയതി നീട്ടിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ഏറെ സങ്കടത്തിലാക്കിയിരിക്കുന്നത്. കൊവിഡ് കേസുകള്‍ ദിവസേന വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 14ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്.

മറ്റ് പലഭാഷകളിലേയും സിനിമകളുടെ റിലീസ് മാറ്റിവെച്ചെങ്കിലും മലയാള സിനിമയുടെ റിലീസ് മാറ്റുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആദ്യമാണ്. റിലീസ് തിയതി മാറ്റാനുണ്ടായ സാഹചര്യത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പ്രേക്ഷകരെപ്പോലെ തന്നെ ഞങ്ങളും ഏറെ ആവേശത്തോടെ യാണ് ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരുന്നതെന്ന് ദുല്‍ഖര്‍ കുറിപ്പിലൂടെ പറയുന്നു.

സാമൂഹിക പ്രതിബന്ധതയ്ക്ക് ഞങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും കൊവിഡ്, ഒമിക്രോണ്‍ കേസുകളില്‍ ഉണ്ടായ വര്‍ധന കണക്കിലെടുത്ത് ബുദ്ധിമുട്ടുള്ള തീരുമാനം ഞങ്ങള്‍ക്ക് എടുക്കേണ്ടിവന്നിരിക്കുകയാണെന്നും ദുല്‍ഖര്‍ പറയുന്നു.”സല്യൂട്ടിന്റെ റിലീസ് നീട്ടുകയാണ്. നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ ഇതുപോലെയുള്ള സമയത്ത് ആരോഗ്യത്തിനും സുരക്ഷയ്ക്കുമായിരിക്കണം നാം പ്രാമുഖ്യം കൊടുക്കേണ്ടത്. കഴിയാവുന്നതില്‍ നേരത്തെ ഞങ്ങള്‍ എത്തും. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി” ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സല്യൂട്ട് എന്ന ചിത്രത്തിന് റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രി ലഭിച്ച വാര്‍ത്ത ഏറെ വൈറലായിരുന്നു. ഫൈനല്‍ സെലക്ഷന് മുന്‍പ് ചിത്രം കണ്ട ജൂറി റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാന മികവിനെയും ദുല്‍ഖര്‍ സല്‍മാന്റെ അഭിനയപാടവത്തെയും അഭിനന്ദിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് അഭിനയിക്കുന്നത്.

ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമെന്നും ദുല്‍ഖറിന്റ ഒരു മാസ്സ് പോലീസ് വേഷവും പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന സൂചനയും നേരത്തെ പുറത്തുവിട്ട ട്രെയ്ലറില്‍ നിന്നും കാണാന്‍ സാധിച്ചു. അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ സല്യൂട്ടില്‍ എത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പൊലീസ് സ്റ്റോറിയാണ് ചിത്രത്തിന്റെ പ്രമേയം. വേഫയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിന്‍മ്മിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ദുല്‍ഖറിന്റെ നായികയായെത്തുന്നത്.

Leave a Comment