‘ഹേയ് സിനാമിക’ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തെ കുറിച്ച് പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് ഹോയ് സിനാമിക. ബൃന്ദ ഗോപാല്‍ മാസ്റ്റര്‍ സംവിധായികയാകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ആദ്യ ഗാനത്തിന് വന്‍ സ്വീകരണമായിരുന്നു. ദുല്‍ഖറായിരുന്നു അച്ച മില്ലൈ എന്ന ഗാനം ആലപിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിടുന്നതിന്റെ തിയതി പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

ഹേയ് സിനാമിക ചിത്രത്തിലെ ‘തോഴി’ എന്ന ഗാനം 27ന് പുറത്തുവിടുമെന്ന് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവെച്ച് അറിയിച്ചു. സോഷ്യല്‍ മീഡിയകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഹേയ് സിനാമിക’ ചിത്രം റിലീസ് ചെയ്യുക ഫെബ്രുവരി 25നാണ്. ഹേയ് സിനാമിക എന്ന ചിത്രത്തിന്റെ പോസ്റ്ററുകളടക്കം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ചിത്രത്തിന് തിരക്കഥ രചിച്ച മദന്‍ കര്‍ക്കി തന്നെയാണ് ഈ ഗാനത്തിന് വരികളും രചിച്ചിരിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളില്‍ ചിത്രത്തിന്റെ ഷൂട്ടിംങ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്നാണ് റിലീസ് വൈകിയത്. ചിത്രത്തിന് പാക്കപ്പ് പറഞ്ഞതിനു പിന്നാലെ ഹേയ് സിനാമിക ടീമിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം ദുല്‍ഖര്‍ തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. ബൃന്ദ മാസ്റ്ററോട് നിറയെ സ്നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണല്‍സ് ആയിരുന്നുവെന്നുമാണ് ദുല്‍ഖര്‍ കുറിച്ചത്.

യാസന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന് നായികമാരായെത്തുന്നത് കാജല്‍ അഗര്‍വാളും, അദിതി റാവു ഹൈദരിയുമാണ്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

’96’ ലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ഗോവിന്ദ് വസന്ത് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മണിരത്നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന സിനിമയിലെ ഒരു ഗാനത്തില്‍ നിന്നുള്ളതാണ് ഈ ചിത്രത്തിന്റെ പേര്.

Leave a Comment