രഞ്ജിത്തിന്റെ ‘ലീല’യുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം. ഈ വര്‍ഷം മലയാളത്തില്‍ എത്തുന്ന ഏറ്റവും ആകാംക്ഷയുണര്‍ത്തുന്ന റിലീസുകളിലൊന്നായ ലീല ഇതേ പേരിലുള്ള ഉണ്ണി ആറിന്റെ ശ്രദ്ധേയ ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. ഉണ്ണി തന്നെയാണ് ലീലയുടെ ചലച്ചിത്രഭാഷ്യത്തിനും രചന നിര്‍വ്വഹിക്കുന്നത്. ആദ്യമായാണ് മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ടൈറ്റില്‍ റോളിലെത്തുന്ന ലീല എന്ന പെണ്‍കുട്ടിയും കുട്ടിയപ്പനുമാണ് കഥയിലെയും സിനിമയിലെയും പ്രധാന കഥാപാത്രങ്ങള്‍. കുട്ടിയപ്പനായി ബിജു മേനോനെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് ഒട്ടേറെപ്പേരെ ആ റോളിലേക്ക് പരിഗണിച്ചിരുന്നതായി രഞ്ജിത്ത് പറഞ്ഞിരുന്നു. ആ ആലോചനാ വഴികളെക്കുറിച്ച് അദ്ദേഹം പറയുന്നു. മാതൃഭൂമി ദിനപ്പത്രത്തിന്റെ സിനിമാ പ്രത്യേക പതിപ്പായ ചിത്രഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിത്ത് ഇതേക്കുറിച്ച് പറയുന്നത്. രഞ്ജിത്തിന്റെ വാക്കുകള്‍.. .
“എപ്പോള്‍ വിളിച്ചാലും എനിക്ക് ഫോണില്‍ ലഭ്യമാകുന്ന ആദ്യത്തെയാള്‍ മമ്മൂക്കയാണ്. ‘ലീല’ വായിച്ചയുടന്‍ വിളിച്ചത് മമ്മൂക്കയെയാണ്. പാലേരിമാണിക്യം കഴിഞ്ഞ സമയത്താണത്. ‘നോക്കിയാലോ..?’ എന്ന ചോദ്യത്തിന് മമ്മൂക്കയില്‍ നിന്ന് അനുകൂലമായിരുന്നു മറുപടി. പക്ഷേ എന്തുകൊണ്ടോ അത് നടന്നില്ല. എന്തുകൊണ്ട് എന്നതിന് എനിക്കും ഉത്തരമില്ല.
അതിന് ശേഷം മദിരാശിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് മോഹന്‍ലാലിനോട് കുട്ടിയപ്പനെക്കുറിച്ച് പറഞ്ഞത്. ഉടന്‍ സമ്മതം കിട്ടിയെങ്കിലും അവിടെയും തുടര്‍ സംഭവങ്ങളുണ്ടായില്ല. അങ്ങനെയാണ് വലിയ താരങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ ശങ്കര്‍ രാമകൃഷ്ണനെ നിശ്ചയിച്ചത്. അതും മാറി.
അതിനുശേഷം ദുബൈയില്‍ ലാല്‍ജോസിന്റെ മുറിയില്‍വച്ച് മുരളി ഗോപിയോട് കുട്ടിയപ്പനെക്കുറിച്ച് പറഞ്ഞപ്പോഴും കിട്ടി സമ്മതം. അവസാനം ലീല എന്തായാലും ചെയ്‌തേപറ്റൂ എന്ന ഘട്ടത്തില്‍ സുരേഷ് കൃഷ്ണയാണ് ബിജു മേനോനെ നിര്‍ദ്ദേശിച്ചത്. സുരേഷ് തന്നെയാണ് ആദ്യം ബിജുവിനെ വിളിച്ച് സംസാരിച്ചതും..”
മറ്റൊരാളുടെ തിരക്കഥയില്‍ ആദ്യമായി സിനിമയൊരുക്കിയതിനെക്കുറിച്ചും രഞ്ജിത്ത് സംസാരിക്കുന്നു..
“ഞാന്‍ ലീല ആദ്യമായി വായിക്കുമ്പോള്‍ ആര്‍ ഉണ്ണി തിരക്കഥാകൃത്തായിട്ടില്ല. സിനിമയാക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ടി.പി.രാജീവനെപ്പോലെ ഉണ്ണിയും പൂര്‍ണ മനസോടെ അതിനുള്ള സമ്മതം തന്നു. പക്ഷേ 2015 ആയപ്പോഴേക്കും ഉണ്ണി, ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച മുന്നറിയിപ്പ് ഉള്‍പ്പെടെ ഒട്ടേറെ സിനികളുടെ തിരക്കഥാകൃത്തായിക്കഴിഞ്ഞിരുന്നു. ഫിലിം മേക്കിംഗിന്റെ ഒരു ഘട്ടം പിന്നിട്ടാല്‍ തോന്നുന്ന ചില കൗതുകങ്ങളുണ്ട്. പക്ഷേ, അതേസമയം തന്നെ അവയ്‌ക്കൊരു ഗൗരവസ്വഭാവവുമുണ്ടായിരിക്കും. നമ്മള്‍ കാണുന്ന വിഷ്വലുകളെയും എഴുതിവയ്ക്കുന്ന വാക്കുകളെയും വിട്ട് മറ്റൊരാളുടെ ദൃശ്യങ്ങളെയും ഭാഷയെയും പരിഭാഷപ്പെടുത്താനുള്ള ശ്രമം. അതില്‍ വേറൊരു ത്രില്ലുണ്ട്. എന്നുകരുതി ഒരാള്‍ എഴുതിവച്ചതിനെ അന്ധമായി പകര്‍ത്താനല്ല നോക്കുക. എഴുത്തിന്റെ എല്ലാ ഘട്ടത്തിലും ഞാനും ഉണ്ണിയും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളുണ്ടായിട്ടുണ്ട്. എന്നുകരുതി കൈകടത്തലിന്റെയോ ഇടപെടലിന്റെയോ സ്വഭാവമല്ല അതിന്. എനിക്കൊപ്പം താമസിച്ചാണ് ഉണ്ണി ‘ലീല’യുടെ തിരക്കഥയെഴുതിയത്..”