ഒരുപിടി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാതവന്‍ (90) അന്തരിച്ചു. ചെന്നൈയിലെ കോടമ്പാടക്കം ഡയറക്ടേഴ്‌സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പലതവണ നേടിയിട്ടുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം. അതുല്യനടന്‍ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു.

സമഗ്രസംഭാവനകളെ പരിഗണിച്ച് 2009 ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ഒന്നിലധികം പ്രാവശ്യം ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ ജൂറി ചെയര്‍മാനായി. 1951ല്‍ പുറത്തിറങ്ങിയ സേലം തിയേറ്റേഴ്‌സിന്റെ മമയോഗി എന്ന ചിത്രത്തില്‍ കെ.രാംനാഥിന്റെ സഹായിയായാണ് സോതുമാതവന്റെ അരങ്ങേറ്റം. വീര വിജയം എന്ന ചിത്രത്തിലൂടെ 1961ല്‍ സ്വതന്ത്ര സംവിധായകനായി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ടി.ഇ. വാസുദേവന്‍ 1961ല്‍ നിമിച്ച ജ്ഞാനസുന്ദരിയായിരുന്നു ആദ്യ മലയാള ചിത്രം. തെന്നിന്ത്യന്‍ താരം കമലഹാസനെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിക്കുന്നത് സേതുമാധവന്റെ ‘കണ്ണൂം കരളി’ലൂടെ എന്ന ചിത്രത്തിലൂടെയാണ്.

മുന്‍ മുഖ്യമന്ത്രി ഇ എം എസിനെ സേതുമാധവന്‍ സിനിമയില്‍ അഭിനയിപ്പിച്ചിട്ടുണ്ട്. രണ്ടാം തവണ മുഖ്യമന്ത്രി ആയ കാലത്ത് ‘ഒള്ളതുമതി’ എന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായാണ് ഇ എം എസ് വേഷമിട്ടത്. മഹാനടന്‍ മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത് സേതുമാധവന്റെ ‘അനുഭവങ്ങള്‍ പാളിച്ചകളി’ലൂടെ എന്ന ചിത്രത്തിലൂടെയാണ്. ചെല്ലപ്പനെ സഹായിച്ചെന്നാരോപിച്ച് ബഹദൂര്‍ അവതരിപ്പിക്കുന്ന ഹംസയുടെ പെട്ടിക്കട മുതലാളിയുടെ ഗുണ്ടകള്‍ തല്ലിതകര്‍ക്കുന്നു. അതറിഞ്ഞു ബഹദൂറിന്റെ കൂടെ ഓടിവരുന്ന ഒരാളില്‍ മമ്മൂട്ടിയായിരുന്നു.

ഓപ്പോള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴിക നേരം, ചട്ടക്കാരി, പണി തീരാത്ത വീട്. കന്യാകുമാരി, ഓടയില്‍ നിന്ന്, വേനല്‍കിനാവുകള്‍, മിണ്ടാപ്പെണ്ണ്, സ്ഥാനാര്‍ഥി സാറാമ്മ, അഴകുള്ള സെലീന തുടങ്ങിയ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ സംവിധാനം ചെയ്തത് സേതുമാധവന്‍ ആയിരുന്നു.

1931ല്‍ പാലക്കാട് സുബ്രഹ്‌മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായാണ് സേതുമാധവന്റെ ജനനം. തമിഴ്നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടും ആയിരുന്നു സേതുമാധവന്റെ ബാല്യം. പാലക്കാട് വിക്ടോറിയ കോളജില്‍നിന്നാണ് സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്. ഭാര്യ: വല്‍സല സേതുമാധവന്‍. മക്കള്‍: സന്തോഷ്, ഉമ, സോനുകുമാര്‍

Leave a Comment