ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ദിലീപും , തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ചിത്രമാണ് വെല്‍ക്കം ടൂ സെന്ട്രല് ജയില്‍.
കല്യാണ രാമന്‍ , ചാന്തുപൊട്ട് , കുഞ്ഞിക്കൂനന്‍ , മേരിക്കൊണ്ടൊരു കുഞ്ഞാട് ഇതെല്ലാം ദിലീപ് – ബെന്നി കൂട്ടുകെട്ടിലെ ഹിറ്റുകളാണ് . തൊമ്മനും മക്കളും, അണ്ണന്‍ തമ്പി, ചോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത് ബെന്നിയാണ്. എന്നാല്‍ ഏറെ നാളുകള്‍ക്ക് ശേഷമെത്തുന്ന ബെന്നി സംവിധായകന്‍ സുന്ദര്‍ദാസിന് വേണ്ടിയാണ് വെല്‍ക്കം ടൂ സെന്ട്രല് ജയില്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത് . പല കേസുകളില്‍ ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ജയില്‍പ്പുള്ളികളുടെ കഥയാണ് ഈ ചിത്രത്തില്‍ രസകരമായി അവതരിപ്പിക്കുന്നത് . ഉണ്ണിക്കുട്ടന്‍ എന്നാണു ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. നിശബ്ദമായ ഒരു പ്രണയവും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട് .
ബെന്നിയും ദിലീപും ഒത്തു ചേരുമ്പോഴുള്ള നര്‍മ്മ ഭാവങ്ങള്‍ തന്നെയാണ് ചിത്രതിലുടനീളമുള്ളത് . ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായ സല്ലാപവും പിന്നീട് ഏറെ ശ്രദ്ധേയമായ കുടമാറ്റവും വര്‍ണ്ണക്കാഴ്ച്ചകളും ഒരുക്കിയ സുന്ദര്‍ദാസിന്‍റെ ഈ ചിത്രവും ശ്രദ്ധേയമായിരിക്കും . വേദികയാണ് ചിത്രത്തിലെ നായിക. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വിജയത്തിന് ശേഷം രഞ്ജി പണിക്കര്‍ പ്രാധാന വേഷം കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു പോലീസ് ഓഫീസറായിട്ടാണ് രഞ്ജി ചിത്രത്തില്‍ വേഷമിടുന്നത് . കലാഭവന്‍ ഷാജോണ്‍ , സിദ്ദിക്ക് , ലെന , അജു വര്‍ഗീസ് , കൈലേഷ് , ഗിന്നസ് പകര്, അബു സലിം തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ , ഹരി നാരായണന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ഇഗ്നേഷ്യസും, നാദിര്‍ശയും ചേര്‍ന്നാണ് . വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖാ രാജനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് .ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി .