ബൈക്കുകളോട് കമ്പമുള്ള രാജു ജോസഫ് ആയി ധ്യാന്‍ ശ്രീനിവാസന്‍ ; ‘ബുള്ളറ്റ് ഡയറീസ്’ ചിത്രീകരണം 15ന്

ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ ബുള്ളറ്റ് ഡയറീസ് ‘. ചിത്രത്തിന്റെ ചിത്രീകരണം പതിനഞ്ചിന് ആരംഭിക്കും. സന്തോഷ് മണ്ടൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബുള്ളറ്റ് ഡയറീസ്’. കരുവാഞ്ചല്‍ കാപ്പിമല ജംഗ്ഷനില്‍ വച്ചാണ് സ്വിച്ചോണ്‍. ബി ത്രീ എം ക്രിയേഷന്‍സിന്റെ ബാനറില്‍ നോബിന്‍ തോമസ്, പ്രമോദ് മാട്ടുമ്മല്‍, മിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ മലയോര ക്രൈസ്തവ പശ്ചാത്തലത്തിലൂടെ ബൈക്കുകളോട് ഏറെ കമ്പമുള്ള രാജു ജോസഫ് എന്ന യുവാവിന്റെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബൈക്കും യുവാവും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ കാതലായ വിഷയവും.

ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ആന്‍സണ്‍ പോള്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, സലിം കുമാര്‍, അല്‍ത്താഫ് സലിം, ശ്രീലക്ഷ്മി, മനോഹരി, നിഷാ സാരംഗ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കരുവഞ്ചാല്‍, ആലക്കോട് ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കലാസംവിധാനം- അജയന്‍ മങ്ങാട്. കോസ്റ്റ്യും ഡിസൈന്‍ – സമീരാ സനീഷ്. മേക്കപ്പ് – രഞ്ജിത്ത് അമ്പാടി. പ്രൊജക്റ്റ് ഡിസൈനര്‍ – അനില്‍ അങ്കമാലി. പി.ആര്‍.ഒ- വാഴൂര്‍ ജോസ്.

Leave a Comment