നടന് ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നു. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. വളര്‍ച്ചയുടെയും പരസ്പരം മനസിലാക്കി മുന്നോട്ട് പോവുകയും ചെയ്തിരുന്ന ഒരുമിച്ചുള്ള യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറയുന്നു.
ആറ് മാസം നീണ്ട് നിന്ന പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18നായിരുന്നു ഇരുവരും വിവാഹിതരായത്. മെഗാ സ്റ്റാര്‍ രജനികാന്തിന്റെ മകളായ ഐശ്വര്യയും, നിര്‍മാതാവ് കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്.
ധനുഷും ഐശ്വര്യയും സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ച കുറിപ്പ്
സുഹൃത്തുക്കളും പങ്കാളികളുമായും മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും 18 വര്‍ഷം ഒരുമിച്ചു. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഇത്.. ഇപ്പോള്‍ ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ മനസിലാക്കുന്നതിനും ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.
ധനുഷ്, ഐശ്വര്യ രജനീകാന്ത്
ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. 2003ല്‍ റിലീസ് ചെയ്ത ‘വിസില്‍’ എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തിറങ്ങിയത്. 2012ല്‍ പുറത്തെത്തിയ ധനുഷ് ചിത്രം ‘3’ ലൂടെ ഐശ്വര്യ സംവിധായികയായി അരങ്ങേറ്റം കുറിച്ചു. 2002 ലാണ് ധനുഷ് സിനിമാജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിര്‍വഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ധനുഷിന്റെ ആദ്യചിത്രം. നാല് തവണ ദേശീയ അവാര്‍ഡ് പുരസ്‌കാരം നേടിയ ധനുഷ് രാഞ്ചനയ്ക്ക് ശേഷം അത്രംഗി രേ എന്ന ബോളിവുഡ് ചിത്രത്തിലും വേഷമിട്ടു.