കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു ; അജിത് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രം ‘വലിമൈ’ റിലീസ് നീട്ടി

ജിത് നായകനായി എത്തുന്ന തമിഴ് ചിത്രമാണ് വലിമൈ. ഐപിഎസ് ഓഫീസറായാണ് ചിത്രത്തില്‍ അജിത് വേഷമിടുന്നത്. ഈ മാസം 13നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ കോവിഡ് സാഹചര്യം മൂലം റിലീസ് മാറ്റി വെച്ചരിക്കുകയാണ്. ‘ആരാധകരുടെ തിയേറ്റര്‍ അനുഭവത്തിനായി തങ്ങളും കാത്തിരിപ്പിലായിരുന്നു. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരാധകരുടെ തന്നെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് റിലീസ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ‘വലിമൈ’ ടീം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവയ്ക്കുന്ന മൂന്നാമത്തെ വലിയ ചിത്രമാണ് വലിമൈ. തെലുങ്കില്‍ നിന്ന് രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്റെ ബഹുഭാഷാ ചിത്രം രാധെ ശ്യാം എന്നിവയാണ് റിലീസ് മാറ്റിവച്ച പ്രധാന ചിത്രങ്ങള്‍. കോവിഡ് കേസുകളെല്ലാം കുറഞ്ഞ് സാധാരണ നിലയില്‍ എത്തിയതിനു ശേഷമാവും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക.

‘നേര്‍ക്കൊണ്ട പാര്‍വൈ’,’തീരന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് ആണ് വലിമൈ സംവിധാനം ചെയ്യുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘വലിമൈ’. ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം പേളി മാണിയും ഒരു വേഷം ചെയ്യുന്നുണ്ട്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

ബൈക്ക് സ്റ്റണ്ട് രംഗങ്ങളും ചിത്രത്തില്‍ ഒരുപാട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെ അജിത്തിന് രണ്ട് തവണ പരുക്കേറ്റത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ മേക്കിങ് വിഡിയോയും വൈറലായിരുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം നീരവ് ഷായാണ് നിര്‍വഹിക്കുന്നത്.

Leave a Comment