സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാറും ; വിക്രം തിരിച്ചുവരുന്നത് കാത്ത് ആരാധകര്‍

തലമുറകളെ ഹരംകൊള്ളിച്ച എസ് എന്‍ സ്വാമി രചിച്ചു കെ മധു ഒരുക്കിയ സിനിമാ സീരിസ് ആണ് സിബിഐ സീരിസ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ നാലു ഭാഗങ്ങള്‍ക്ക് ശേഷം അവസാനമായി ഒരുക്കുന്ന ചിത്രമാണ് സിബിഐ5. നവംബര്‍ അവസാനം ഷൂട്ടിംങ് ആരംഭിച്ച ചിത്രത്തില്‍ രണ്ട് ദിവസം മുന്‍പാണ് മമ്മൂട്ടി ജോയിന്‍ ചെയ്തത്.

ഇപ്പോഴിതാ ചിത്രത്തില്‍ ജഗതി ശ്രീകുമാറും ഉണ്ടാകുമെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. പരമ്പരയിലെ നാലു ചിത്രങ്ങളിലും ഏറെ കയ്യടി നേടിയ വിക്രം എന്ന കഥാപാത്രത്തിലൂടെ തന്നെയാണ് ജഗതിയുടെ തിരിച്ചുവരവ് എന്നതാണ് ഏറെ ശ്രദ്ധേയം. സിബിഐ ഓഫിസര്‍ സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം ജഗതിയുടെ സിനിമാജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. ആദ്യ നാലു ഭാഗങ്ങളിലും താരം അഭിനയിച്ചിരുന്നു.

2012ല്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് അദ്ദേഹം അഭിനയ രംഗത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു. ആരോഗ്യസ്ഥ്തി കണക്കിലെടുത്ത് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരിക്കും ചിത്രീകരണം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകേഷ്, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, രമേശ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്വര്‍ഗ ചിത്ര ഫിലിംസിന്റെ ബാനറില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Leave a Comment