തലമുറകളെ ഹരംകൊള്ളിച്ച എസ് എന്‍ സ്വാമി രചിച്ചു കെ മധു ഒരുക്കിയ സിനിമാ സീരിസ് ആണ് സിബിഐ സീരിസ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ നാലു ഭാഗങ്ങള്‍ക്ക് ശേഷം അവസാനമായി ഒരുക്കുന്ന ചിത്രമാണ് സിബിഐ5. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംങ് ലൊക്കേഷനില്‍ മമ്മൂട്ടിയും സഹ താരങ്ങളും ക്രിസ്തുമസ് ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.
കേക്കു മുറിക്കുന്നതിന്റെയും ബിരിയാണി വിളമ്പുന്നതിന്റേയുമെല്ലാം ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നടന്‍ മുകേഷ്, നിര്‍മ്മാതാവ് എസ് ജോര്‍ജ് എന്നിവരാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. സംവിധായകന്‍ കെ മധു, മുകേഷ്, രമേശ് പിഷാരടി, അന്‍സിബ ഹസന്‍, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി എന്നിവരും ആഘോഷവേളയില്‍ പങ്കെടുക്കുന്നത് ചിത്രങ്ങളില്‍ കാണാം. മമ്മൂട്ടിയാണ് താരങ്ങള്‍ക്ക് ബിരിയാണി വിളമ്പി കൊടുക്കുന്നത്.
നവംബര്‍ അവസാനം ഷൂട്ടിംങ് ആരംഭിച്ച ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തതും, ജഗതി ശ്രീകുമാര്‍ ചിത്രത്തിലുണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സിബിഐ ഓഫിസര്‍ സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം ജഗതിയുടെ സിനിമാജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.
2012ല്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് അദ്ദേഹം അഭിനയ രംഗത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു. ആരോഗ്യസ്ഥ്തി കണക്കിലെടുത്ത് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരിക്കും ചിത്രീകരണം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകേഷ്, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, രമേശ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്വര്‍ഗ ചിത്ര ഫിലിംസിന്റെ ബാനറില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.