താരചക്രവർത്തി മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങിയ ഓടുന്നോൻ എന്ന ചിത്രത്തിൻറെ ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു. മലയാള നാടക രംഗത്ത് നിന്നു വരുന്ന നൗഷാദ് ഇബ്രാഹിം ആണ് ചിത്രത്തിന്റെ സംവിധായകൻ..
അദ്ദേഹം http://Interview-with-Odunnon-Director-Noushad-Ibrahim കന്നി സിനിമയെ കുറിച്ച് സംസാരിക്കുന്നു.
നാടകരംഗത്ത് അഭിനേതാവായും സംവിധായകനായും രചയിതാവായും പ്രവർത്തിച്ച ശേഷമാണ് താങ്കൾ സിനിമയിലേക്ക് വരുന്നത്….?
അതെ, നാടക അഭിനയത്തിനും രചനയ്ക്കും കേരള സംഗീതനാടക അക്കാദമി അവാർഡ് നേടാൻ ഭാഗ്യമുണ്ടായ ഒരാളാണ് ഞാൻ.. അന്നേ സിനിമ ഒരു സ്വപ്നമായിരുന്നു. ചെയ്യുന്നത് പക്ഷേ, വ്യത്യസ്തമായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നമ്മൾ ഇതുവരെ കാണാത്ത ഒരു കഥയും പശ്ചാത്തലവും ഒാടുന്നോനിൽ കാണാനാകും.
മോഹൻലാലാണ് ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത് . അതും അദ്ദേഹത്തിന്റെ ശബ്ദത്തിൽ….?
അതൊരു വലിയ ഭാഗ്യമാണ്! ആ ഒരൊറ്റ കാരണത്താൽ ഇന്ന് ഒരുവിധം ആളുകളിലേക്ക് എല്ലാം ഓടുന്നോൻ എന്ന ഒരു സിനിമ വരുന്നുണ്ട് എന്ന് അറിയിക്കാൻ നമുക്ക് സാധിച്ചു. അദ്ദേഹം വലിയ മനസ്സുള്ള ഒരു കലാകാരനാണ് ഒരു സംശയവുമില്ല. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ലാലേട്ടൻ ആനിമേഷൻ കഥാപാത്രമായി വരുന്ന ബി എം എച്ച് ബോഡിഗാർഡ് എന്ന പരിപാടിയുടെ സ്ക്രിപ്റ്റ് ഞാനാണ് ചെയ്യുന്നത്, ശബ്ദം ലാലേട്ടനും! അതുവഴി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ K.G അലക്സാണ്ടർ സാറുമായി നല്ല അടുപ്പമുണ്ട് എനിക്ക്. അദ്ദേഹത്തിലൂടെയാണ് ഓടുന്നോന് വേണ്ടി ലാലേട്ടൻ നരേഷൻ ചെയ്തു തരുന്നത്. ഇപ്പോൾ ട്രൈലെർ തയ്യാറായപ്പോഴും അലക്സാണ്ടർ സാറിനോട് ഞാൻ ലാലേട്ടന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു തരണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെയാണ് അത് സംഭവിച്ചത്. സാറിനോടുള്ള കടപ്പാടും ഒരിക്കലും മറക്കാൻ കഴിയില്ല. എന്നോട് വലിയ സ്നേഹമാണ്.
ഒപ്പം first look poster പുറത്തിറക്കി പ്രിയപ്പെട്ട ടോവിനോതോമസും ഞങ്ങളെ ഒരുപാട് പിന്തുണച്ചു… വലിയ നന്ദിയുണ്ട്.
സന്തോഷ് കീഴാറ്റൂർ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും ശക്തമായിരിക്കും ഓടുന്നോൻ….?
തീർച്ചയായും ഒരുപാട് തലങ്ങളിലൂടെ സഞ്ചരിക്കേണ്ട കഥാപാത്രമാണ് ഇത്. ഒരു തീയേറ്റർ ആക്ടർ കൂടിയായ സന്തോഷിന് അനായാസം അത് സാധിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.
എങ്ങനെയാണ് സന്തോഷിലേക്ക് എത്തിയത് ….?
ഓടുന്നോന്റെ തുടക്കത്തിൽ എൻറെ സുഹൃത്ത് ഹരി ക്ലാപ്‌സുമായി സംസാരിച്ചിരിക്കുമ്പോൾ പലപേരുകളും വന്ന കൂട്ടത്തിൽ സന്തോഷ് കീഴാറ്റൂർ എന്ന പേര് ഹരിയാണ് എടുത്തിട്ടത്. അപ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് എനിക്ക് ഫീൽ ചെയ്തു. കണ്ണടച്ച് സന്തോഷ് ഓടുന്നോനായി മലമടക്കുകളിൽ ഓടുന്നത് സങ്കൽപ്പിച്ചു നോക്കുക മാത്രം ചെയ്തു! കണ്ണുതുറന്നത് “സന്തോഷ് മതി” എന്ന് ഉറപ്പിച്ച് ആയിരുന്നു.
സന്തോഷിന്റെ നായികയായി എത്തുന്നത് താങ്കളുടെ ഭാര്യ ജയ നൗഷാദ് ആണ് എന്നറിഞ്ഞു...?
എൻറെ ഭാര്യയാണ് എന്നത് ഓടുന്നോന്റെ നായിക ഗീതയെ അവതരിപ്പിക്കാനുള്ള യോഗ്യതയായി ഞാൻ കാണുന്നില്ല. ജയ മികച്ച ഒരു നടി തന്നെയാണ് മാത്രവുമല്ല ഏറ്റവും മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് വാങ്ങിയ ഒരു കലാകാരി കൂടിയാണ് ജയ. ഗീത എന്ന കഥാപാത്രം ജയയുടെ കയ്യിൽ ഭദ്രമായിരിക്കും എനിക്ക് ഉറപ്പുണ്ടായിരുന്നു. നാടകത്തിൽ നിന്ന് വരുന്ന ഞങ്ങളെ സംബന്ധിച്ച് ഒരു വലിയ കാര്യം ഈ സിനിമയിൽ സംഭവിച്ചിട്ടുണ്ട്. അഭിനയത്തിന് സംസ്ഥാന ഗവൺമെൻറിൻറെ ഔദ്യോഗിക പുരസ്കാരം വാങ്ങിയ അഞ്ചുപേരുടെ കൂട്ടായ്മ സിനിമയിൽ ഉണ്ട്! ശിവജി ഗുരുവായൂർ, സന്തോഷ് കീഴാറ്റൂർ, രാജേഷ് ശർമ്മ, ജയ നൗഷാദ്, പിന്നെ ഞാൻ ! കൂടാതെ ജിജോയ് എന്ന, ലോക നാടക വേദിയിൽ തന്നെ അറിയപ്പെടുന്ന നടനും ഈ സിനിമയുടെ ഭാഗമാണ്.
എന്താണ് ഓടുന്നോന് ഈ സമൂഹത്തോട് പറയാനുള്ളത് ….?
അത് പ്രിയപ്പെട്ട ലാലേട്ടൻ പറഞ്ഞു കഴിഞ്ഞല്ലോ.?
“ഭയം ചിന്തകളിൽ ഇരുട്ടു നിറയ്ക്കും..കാഴ്ചകളെ കറുപ്പിച്ച് കളയും.. പുഞ്ചിരി കവർന്നെടുക്കും.. ഭയം നിങ്ങളെ നിങ്ങളല്ലാതാക്കും”! അതുതന്നെയാണ് ഓടുന്നോൻ NARRATE ചെയ്യുന്നത്. പാമ്പിനെ പേടിച്ചു കഴിയുന്ന പപ്പൻ എന്ന ഓടുന്നോന്റെ ആധി പിടിച്ച ജീവിതമാണ് സിനിമയിൽ നിങ്ങൾക്ക് കാണാനാവുക.. പ്രതിസന്ധികളിൽ നിന്ന് നിങ്ങളെത്രമാത്രം ഓടി അകലുന്നുവോ അത്രകണ്ട് നിങ്ങൾക്ക് പിന്നിൽ നഷ്ടങ്ങളുടെ ഒരു പർവതം ഉയർന്നുവരും! നിങ്ങളെ അത് മൂടിക്കളയും.!
താങ്കളുടെ കുടുംബം മുഴുവൻ ഈ സിനിമയിലുണ്ട് …?
അതെ മൂത്തമകൾ സ്വാതി അസിസ്റ്റൻറ് ഡയറക്ടർ ആയി വർക്ക് ചെയ്തു. ഇളയമകൾ നിള ഒരു ഒരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ലിറ്റിൽ സ്റ്റാർസ് റിയാലിറ്റി ഷോയിലെ വിന്നറാണ് നിള. മോളുടെ അഞ്ചാമത്തെ സിനിമയാണിത്. ആദ്യസിനിമ മൊയ്തീൻ ആയിരുന്നു. ഞങ്ങൾ എല്ലാവരും അഭിനയിച്ച ചിത്രമാണത്.ഞാൻ അതിൽ തോണിക്കാരൻ കുഞ്ഞിക്ക ആയിട്ടാണ് അഭിനയിച്ചത്.
മറ്റു വിശേഷങ്ങൾ ..?
എൻറെ ജ്യേഷ്ഠ സഹോദരനെ പോലെ ഞാൻ കാണുന്ന അഡ്വക്കേറ്റ് സത്യൻ കൊയിലാണ്ടി, സുമേഷ് വൈശാഖ്, ഷമേജ് വടകര എന്നിവരാണ് നിർമാതാക്കൾ. ക്യാമറ എൻറെ സുഹൃത്ത് നൗഷാദ് ശരീഫ്. അതിമനോഹരമായാണ് നൗഷാദ് ഈ സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്.. എഡിറ്റിംഗ് ഹരി ജി നായർ. സംഗീതം എസ്. ബിജു. പശ്ചാത്തല സംഗീതം രാജേഷ് അപ്പുക്കുട്ടൻ, ആർട്ട് രഞ്ജിത്ത് കൊയിലാണ്ടി, കോസ്റ്റ്യൂം കുമാർ എടപ്പാൾ. വിദ്യാധരൻ മാസ്റ്ററും വൈക്കം വിജയലക്ഷ്മിയും പാടിയ മനോഹരമായ ഒരു പാട്ട് ഈ സിനിമയിൽ ഉണ്ട്. സുഹൃത്ത് ഹരി ക്ലാപ്സ് തന്നെയാണ് ലൊക്കേഷൻ ഡിസൈനർ.
ഒക്ടോബർ 25ന് പടം തിയേറ്ററുകളിൽ എത്തുകയാണ്. വലിയ അവകാശവാദങ്ങളൊന്നും ഇല്ലെങ്കിലും ഒരു കാര്യം ഈ സിനിമയുടെ രചയിതാവും സംവിധായകനും എന്ന നിലയിൽ എനിക്ക് ഉറപ്പു തരാൻ കഴിയും. കണ്ട് മടുത്ത കാഴ്ചകൾ ഇൗ സിനിമ നിങ്ങൾക്ക് സമ്മാനിക്കില്ല.. തിയേറ്റർ വിട്ട ഉടനെ ഓടുന്നോൻ സിനിമ നിങ്ങൾക്ക് മറക്കാനും കഴിയില്ല.