ഹോട്സ്റ്റാറില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ‘ബ്രോ ഡാഡി’; നന്ദി അറിയിച്ച് പൃഥ്വിരാജും മോഹന്‍ലാലും

ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ‘ബ്രോ ഡാഡി ജനുവരി 26നാണ് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തത്. ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ് ചിത്രം. മികച്ചൊരു എന്റര്‍ടെയ്നര്‍ ആണ് ചിത്രമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ചിത്രത്തെ പ്രശംസിച്ച് ഒരുപാട് ആളുകള്‍ രംഗത്തത്തിയിരുന്നു. ഇപ്പോഴിതാ ഹോട്സ്റ്റാറില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ് ബ്രോ ഡാഡി.

ഹോട്ട്സ്റ്റാറിന്റെ ചരിത്രത്തില്‍ തന്നെ ആദ്യദിനത്തില്‍ ഏറ്റവും അധികം സബ്‌സ്‌ക്രിപ്ഷനും, ആദ്യദിനത്തില്‍ ഏറ്റവും കൂടുതല്‍ വാച്ച് ടൈമുള്ള രണ്ടാമത്തെ സിനിമാണ് ബ്രോ ഡാഡി എന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന കഥയാണ് ബ്രോ ഡാഡിയെന്നും ഏറെ ആസ്വദിച്ച് ചെയ്ത് തീര്‍ത്ത പ്രോജക്റ്റാണിതെന്നും ഹോട്ട്സ്റ്റാറിന് ഒരുപാട് നന്ദിയെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

നിരവധി പേരാണ് ഇതറിഞ്ഞ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ലോകമൊട്ടാകെയുള്ള നിരവധി പ്രേക്ഷകര്‍ സിനിമ കണ്ടുവെന്നും നല്ല സിനിമകള്‍ക്കും വിനോദത്തിനും ഭാഷ തടസമാകുന്നില്ലെന്നും ഡിസ്നി സ്റ്റാര്‍ കണ്ടന്റ് ഹെഡ് ഗൗരവ് ബാനര്‍ജിയും പറയുകയുണ്ടായി. മോഹന്‍ലാലും നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.

ജോണ്‍ കാറ്റാടി, ഈശോ കാറ്റാടി എന്നീ കഥാപാത്രങ്ങളായി മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ തകര്‍ത്തഭിനയിച്ചുവെന്നാണ് പ്രേക്ഷകരെല്ലാം അഭിപ്രായപ്പെടുന്നത്. ഒരു കുടുംബ-പ്രണയ ചിത്രം പറയുന്നത് അസാധാരണമായ ഒരു അച്ഛന്‍-മകന്‍ കഥയാണ്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ഭാര്യയായും പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അമ്മയായും മീന ആണ് അഭിനയിച്ചത്. കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് എത്തിയത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കനിഹ, കാവ്യ ഷെട്ടി, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Leave a Comment