ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസ്നി + പ്ലസ് ഹോട് സ്റ്റാറിലാണ് പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിലെ ഗാനത്തിനും പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച പ്രതികരണമായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ എല്ലാം തന്നെ വൈറലായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. പ്രമോ വീഡിയോയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ചുള്ളൊരു വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ജോണ്‍ കാറ്റാടിയെ ഈശോ ജോണ്‍ കാറ്റാടി ഇമ്പ്രസ് ചെയ്യുമോ?’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
‘ബ്രോ ഡാഡി’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ഭാര്യയായും പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അമ്മയായും മീന ആണ് അഭിനയിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും എത്തുന്നു. ജോണ്‍ കാറ്റാടി, ഈശോ കാറ്റാടി എന്നീ കഥാപാത്രങ്ങളായി മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു പക്കാ ഫണ്‍ ഫിലിം ആയിരിക്കും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കനിഹ, കാവ്യ ഷെട്ടി, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.