‘അന്ന’യായി കല്യാണി പ്രിയദര്‍ശന്‍ ; ‘ബ്രോ ഡാഡി’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കല്യാണി പ്രിയദര്‍ശന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. അന്ന എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് എത്തുന്നത്.

കഴിഞ്ഞ ദിവസം മീനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ‘അന്നമ്മ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മീന അഭിനയിക്കുന്നത്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ഭാര്യയായും പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അമ്മയായും ആണ് മീന അഭിനയിക്കുന്നത്. ഇതിനോടകം പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകള്‍ക്കുമെല്ലാം വന്‍ സ്വീകരണമാണ് ലഭിച്ചത്. ജോണ്‍ കാറ്റാടി, ഈശോ കാറ്റാടി എന്നീ കഥാപാത്രങ്ങളായി മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു പക്കാ ഫണ്‍ ഫിലിം ആണെന്ന സൂചനയായിരുന്നു ടീസര്‍ നല്‍കിയത്.

ലൂസിഫറിന് ശേഷം അതിന്റെ സീക്വല്‍ ആയ ‘എമ്പുരാന്‍’ ആയിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി വന്നതിനെ തുടര്‍ന്ന് ചിത്രം നീളുകയായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കനിഹ, കാവ്യ ഷെട്ടി, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. ‘ബ്രോ ഡാഡി’ ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെ വൈകാതെ പ്രദര്‍ശനത്തിനെത്തും. സിദ്ധു പനയ്ക്കല്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്ണനാണ് ചിത്രത്തിന്റെ ഓഡിയോഗ്രാഫി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്.

Leave a Comment