കിടിലന്‍ ലുക്കില്‍ ‘അജാസ്’ ആയി സൗബിന്‍ ഷാഹിര്‍ ; ‘ഭീഷ്മ പര്‍വ്വ’ത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന അജാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. കിടിലന്‍ ലുക്കിലാണ് സൗബിന്‍ ചിത്രത്തില്‍ എത്തുന്നത്.

അമല്‍ നീരദ് തന്നെയാണ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതും. അമലും നവാഗതനായ ദേവദത് ഷാജിയും ചേര്‍ന്ന് രചിച്ച ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി ഒരു വലിയ താരനിര തന്നെ ഉണ്ട്.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ആദ്യം പുറത്തുവിട്ടിരുന്നു. നീട്ടി വളര്‍ത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വര്‍ദ്ധന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം.

ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. ചിത്രത്തിന്റെ എഡിറ്റിംങ് ചെയ്തിരിക്കുന്നത് വിവേക് ഹര്‍ഷന്‍ ആണ്. അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന ചിത്രമാണ് ഇത്.

Leave a Comment