മെഗാ സ്റ്റാര്‍ മമ്മൂട്ടി എത്തുന്ന പുതിയ ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’. ഈ ചിത്രത്തിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. എക്കാലത്തേയും ഹിറ്റ് ചിത്രം ബിഗ് ബി സംവിധാനം ചെയ്ത അമല്‍ നീരദാണ് ഈ ചിത്രവും ഒരുക്കുന്നത്. ബിഗ്ബിയില്‍ ബിലാല്‍ എന്ന കള്‍ട്ട് ക്ലാസിക് നായക കഥാപാത്രത്തെ നല്‍കിയ അമല്‍ നീരദ് ‘ഭീഷ്മ പര്‍വ്വ’ത്തിലും അതുപോലെ ഒരു മമ്മൂട്ടി കഥാപാത്രം നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കഴിഞ്ഞ രണ്ടാഴ്ച്ചയായി ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് അമല്‍ നീരദ്. ഇപ്പോഴിതാ തെലുങ്ക് താരം അനസൂയ ഭരദ്വാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഭീഷ്മ പര്‍വ്വത്തില്‍ ‘ആലീസ്’ എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിക്കുന്നത്. ടെലിവിഷന്‍ അവതാരകയും ചലച്ചിത്രനടിയുമായ അനസൂയ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അവരുടെ മലയാളം അരങ്ങേറ്റ ചിത്രം കൂടിയാണിത്.
തെലുങ്കിലെ പ്രധാന ടെലിവിഷന്‍ ചാനലുകളിലെ ജനപ്രിയ ഷോകളുടെ അവതാരക ആയിട്ടാണ് അനസൂയയുടെ അരങ്ങേറ്റം. അദിവി സേഷ് നായകനായി 2016ല്‍ പുറത്തെത്തിയ തെലുങ്ക് മിസ്റ്ററി ത്രില്ലര്‍ ചിത്രം ‘ക്ഷണ’ത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് എത്തുന്നത്.
ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, നെടുമുടി വേണു, ലെന, ജിനു ജോസഫ്, നദിയ മൊയ്തു, വീണ നന്ദകുമാര്‍, കെ പി എ സി ലളിത, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലുള്ളതെന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍ ആണ്. അമല്‍ നീരദിനൊപ്പം ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.