ഷൂട്ടിങിനു ശേഷം പ്രതീക്ഷിച്ച നിലവാരമില്ല ; 150 കോടിയുടെ ‘ബാഹുബലി’ സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്‌ലിക്‌സ് ?

രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രത്തിന് ലഭിച്ച സ്വീകരണം അതി ഗംഭീരമായിരുന്നു. ചിത്രത്തിന്റെ സീരീസ് വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഇരുകയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്. ശിവകാമിയുടെ ജീവിതമാണ് സിരീസായി ഒരുങ്ങുന്നത്. ബാഹുബലി ചിത്രത്തില്‍ ബാഹുബലിയേക്കാള്‍ നിറഞ്ഞ് നിന്ന താരമായിരുന്നു രാജമാത ശിവകാമി. ശിവകാമിയുടെ ത്രസിപ്പിക്കുന്ന കഥകള്‍ക്ക് വേണ്ടി കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്ത്തിയാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്.

ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി വെബ് സീരീസ് നെറ്റ്ഫ്‌ലിക്‌സ് ഉപേക്ഷിച്ചെന്ന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടിരിക്കുന്നത്. 150 കോടി രൂപ മുതല്‍മുടക്കിയ സിരീസ് ആണ് നെറ്റ്ഫ്‌ലിക്‌സ് വേണ്ടെന്ന് വെച്ചിരിക്കുന്നത്. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് പരമ്പര വേണ്ടെന്ന് നെറ്റ്ഫ്‌ലിക്‌സ് ടീം തീരുമാനിച്ചിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രീകരിച്ച ഭാഗങ്ങള്‍ ഇഷ്ടപ്പെടാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത് മൃണാള്‍ താക്കൂറായിരുന്നു. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍. ഹൈദരാബാദില്‍ ഒരുക്കിയ സെറ്റില്‍ 2021ല്‍ ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആര്‍ടിസ്റ്റുമാരെ മാറിമാറി പരീക്ഷിച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെയ്യുന്നതിനിടക്ക് പ്രതീക്ഷ അത്ര പോരന്ന് തോന്നുകയായിരുന്നു.

ദേവകട്ടയുടെ സംവിധാനത്തില്‍ മൃണാള്‍ താക്കൂറിനെ നായികയാക്കി സംവിധാനം ചെയ്യുന്ന പരമ്പരയില്‍ പിന്നീട് രാഹുല്‍ ബോസും അതുല്‍ കുല്‍ക്കര്‍ണിയും ചേര്‍ന്നു. എന്നാല്‍ എഡിറ്റിംഗ് ഘട്ടത്തില്‍ പ്രതീക്ഷിച്ച നിലവാരമില്ലെന്നു വിലയിരുത്തി സീരിസ് ഉപേക്ഷിക്കാന്‍ നെറ്റ്ഫ്‌ലിക്‌സ് തീരുമാനിക്കുക ആയിരുന്നു. എന്നാല്‍ പുതിയ സംവിധായകനെയും താരങ്ങളേയും വച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാന്‍ പ്ലാനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘ബാഹുബലി: ദി ബിഗിനിംഗ്’, ‘ബാഹുബലി: കണ്‍ക്ലൂഷന്‍’ എന്നിവയുടെ പ്രിക്വല്‍ ആണ്. ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവകാമിയുടെ’ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്.

Leave a Comment