അവരുടെ രാവുകള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് അജയ കൃഷ്ണന്‍റെ ആത്മഹത്യ , പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസമാണ് അവരുടെ രാവുകൾ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് അജയ് കൃഷ്ണൻ ജീവനൊടുക്കിയത്. അതിന്റെ പിന്നിലെ കാരണം സുഹൃത്തുക്കൾക്കോ സഹപ്രവർത്തകർക്കോ വ്യക്തമല്ലാ. ചിത്രത്തിന്റെ പ്രിവ്യൂ കണ്ടുവെന്നും ചിത്രം പരാജയമാകുമെന്ന ഭീതിയിലാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഈ വാർത്ത ഞെട്ടലോടെ കേട്ട സിനിമയുടെ സംവിധായകനായ ഷാനിൽ മുഹമ്മദ് പറയുന്നതിങ്ങനെ:
‘എന്ത് ചെയ്യണമെന്ന് പോലും എനിക്ക് അറിയില്ല, വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഞാൻ. നിർമാതാവെന്നതിനപ്പുറം ഒരു ബന്ധം ഞാനും അജയ്‌യും തമ്മിൽ ഉണ്ടായിരുന്നു. സിനിമയുടെ ഒരുഘട്ടത്തിൽപ്പോലും അദ്ദേഹമൊരു ബുദ്ധിമുട്ട് അറിയിച്ചിട്ടില്ല. സിനിമയ്ക്ക് വേണ്ട പൂർണ പിന്തുണ അജയ്‌യുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. പൊതുവേ നിർമാതാക്കൾക്ക് കാണുന്ന ടെന്‍ഷൻ അത്രമാത്രം. സെറ്റിലെല്ലാം ഓടി നടന്ന് എന്താണ് വേണ്ടതെന്ന് എല്ലാവരോടും ചോദിച്ച് മനസ്സിലാക്കി ചെയ്യുന്ന നിർമാതാവ്. ഷൂട്ടിങ് സെറ്റിൽ ഒരാൾക്ക് പോലും പരാതി പറയാനില്ലായിരുന്നു.
സിനിമയുടെ പ്രിവ്യു കണ്ടതിന് ശേഷമാണ് അജയ് മാനസിക വിഷമത്തിലായതെന്നൊക്കെ വാർത്തകൾ കണ്ടു. നിങ്ങൾ ചോദിക്കുന്നതുകൊണ്ടാണ് പറയുന്നത്. സിനിമയുടെ എഡിറ്റിങ് പോലും കഴിഞ്ഞിട്ടില്ല. ഡബ്ബിങ്, ബിജിഎം മുതലായവ പൂർത്തിയായിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രിവ്യു നടത്തുന്നത്. മാനസികമായി ആകെ തളർന്ന അവസ്ഥയിലാണ്, തെറ്റായ വാർത്തകൾ വിശ്വസിക്കരുത്.
ഈ സിനിമ ഒരിക്കലും അദ്ദേഹത്തെ മോശമായി ബാധിക്കില്ല. സാറ്റലൈറ്റും ഡിസ്ട്രിബ്യൂഷനുമെല്ലാം ശരിയാക്കി നല്ലരീതിയിൽ മുന്നോട്ട് പോകുകയായിരുന്നു. സിനിമയ്ക്കായി ഒരാൾക്ക് വോയ്സ്ഓവർ പോലും അജയ് നല്‍കിയിരുന്നു. സാമ്പത്തികമായി യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും അദ്ദേഹത്തിനില്ലായിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുൻപേ എന്നെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നതാണ്.
ചിത്രീകരണത്തിനിടയിൽ ഞാൻ ടെൻഷൻ അടിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് അത് പെട്ടന്ന് മനസ്സിലാകും. എന്നിട്ട് പറയും , ‘നീ ടെൻഷൻ അടിക്കരുത്, ടെൻഷൻ അടിക്കുന്നത് എന്റെ ഡ്യൂട്ടി. നിന്റെ ജോലി സംവിധാനം.’ കൂടുതൽ ബുദ്ധിമുട്ടാണെങ്കിൽ അദ്ദേഹം പറയും, ‘എന്നാൽ പാക്ക് അപ് ചെയ്യാം, വിഷമം മാറിയിട്ട് മതി ഷൂട്ടിങ് എന്ന്’, അങ്ങനെ പറയുന്നൊരു വ്യക്തിത്വത്തിനുടമ. ഞാനുമായിട്ട് മാത്രമല്ല പരിചയപ്പെടുന്ന എല്ലാവരുമായിട്ടും പെട്ടന്ന് അടുക്കുന്ന സ്വഭാവമായിരുന്നു അജയ്‌യുടേത്.
ഈ സിനിമയ്ക്ക് ശേഷം മറ്റൊരു ചിത്രം കൂടി നിർമിക്കാനുള്ള പദ്ധതിയിലായിരുന്നു അജയ്. എന്നാൽ ജീവൻ കളയാൻ മാത്രം എന്ത് പ്രശ്നമാണ അജയ്ക്കുണ്ടായിരുന്നതെന്ന് അറിയില്ല. ഇപ്പോഴും അജയ് ഇനിയില്ല എന്ന സത്യം പൂർണമായി ഉൾക്കൊള്ളാൻ എനിക്കായിട്ടില്ല. ഷാനിൽ മുഹമ്മദ് പറഞ്ഞു
ഇതാണ് സത്യം. നിങ്ങളറിയേണ്ട സത്യം.
ഒരു വ്യക്തിയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും സംബന്ധിച്ച് ഞെട്ടല്‍ ഉളവാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് അദ്ധേഹത്തിനോട് അടുത്ത് നില്‍ക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും . എന്നാല്‍ ആ വാര്‍ത്തയോട് ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഒരുകാര്യമാണ്. നിങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അനേകം പേരുണ്ട്. തെറ്റായ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ അത് ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് ഉണ്ടാക്കുന്ന മാനസിക വിഷമവും സമ്മര്‍ദ്ദവും ചെറുതല്ല. അതിനാല്‍ ഒരുവാര്‍ത്ത നല്‍കുമ്പോള്‍ അതിന്‍റെ വിശ്വാസ്യതയും സത്യസന്ധതയും ഉറപ്പ് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം എന്നാണ് സൗത്ത് ഇന്ത്യന്‍ ഫിലിംസിന്‍റെ അഭ്യര്‍ത്ഥന.