സുരാജ് വെഞ്ഞാറമൂട് – ആന്‍ അഗസ്റ്റിന്‍ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’; ആശംസകളുമായി കെ.കെ ശൈലജ

സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങില്‍ മുന്‍ മന്ത്രി കെകെ ശൈലജയും പങ്കെടുത്തു. ശൈലജ ടീച്ചര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിക്കുകയും നിര്‍മ്മല ഉണ്ണി ആദ്യ ക്ലാപ്പടിക്കുകയും ചെയ്തു. സിനിമയ്ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്ന് കെകെ ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം.മുകുന്ദന്റെ ചെറുകഥയായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയെ ആസ്പദമാക്കി, സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. എം. മുകുന്ദന്‍ ആദ്യമായി തിരിക്കഥ എഴുതുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കുന്നത്. മാഹിയും തലശ്ശേരിയുമാണ് പ്രധാന ലൊക്കേഷന്‍.

കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാളികളുടെ അഭിമാനമായ ശ്രീ എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥ സിനിമയാവുകയാണ്. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യം ലഭിക്കുന്ന സിനിമയാണ് ഇത്.

സുകൃതം അടക്കം പ്രശസ്ത സിനിമകള്‍ സംവിധാനം ചെയ്ത ഹരികുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും മാഹിയില്‍ ചിത്രീകരിക്കുന്ന സിനിമ മയ്യഴിയുടെ മുഴുവന്‍ സൗന്ദര്യവും ഒപ്പിയെടുക്കുന്നതായിരിക്കും എന്നതില്‍ സംശയമില്ല.

മയ്യഴിയുടെ പുതിയ കഥാ ജീവിത സാഹചര്യങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അത് ഇന്നത്തെ സമുഹത്തിന്റെ ജീവന്‍ തുടിക്കുന്ന ഒരു ഏടായിരിക്കും. കഴിവുറ്റ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സിനിമാ ചിത്രീകരണത്തിന്റെ പ്രാരംഭം കുറിക്കുന്നതോടൊപ്പം എല്ലാ വിധ ആശംസകളും അര്‍പ്പിക്കുന്നു…

Leave a Comment