ജോസ് കെ മാണിയായി അനൂപ് മേനോന്‍

അച്ചായന്‍ കഥാപാത്രങ്ങള്‍ മലയാളത്തിലെ എല്ലാ താരങ്ങള്‍ക്കും എക്കാലവും ബ്രേക്ക് നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ അനൂപ് മേനോനും ഒരു കോട്ടയത്ത് അച്ചായനായി കളത്തിലിറങ്ങുകയാണ്. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന സര്‍വോപരി പാലക്കാരന്‍ എന്ന ചിത്രത്തിലാണ് അനൂപ് മേനോന്‍ അച്ചായനായി എത്തുന്നത്. കഥാപാത്രത്തിന്റെ പേര് കൂടി അറിയുമ്പോഴാണ് ശരിക്കും രസകരം. പാലാക്കാര്‍ക്ക് സുപരിചിതമായ ജോസ് കെ മാണി എന്നാണ് അനൂപ് മേനോന്‍ കഥാപാത്രത്തിന്റെ പേര്. എന്നാല്‍ യഥാര്‍ത്ഥ ജോസ് കെ മാണിയുമായി ഈ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

ഫാമിലി കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ ജോസ് കെ മാണി മാത്രമല്ല മാണിയുമുണ്ട് എന്നാണ് വിവരം. അനൂപ് മേനോന്‍ കഥാപാത്രത്തിന്റെ അച്ഛന്റെ പേരാണ് കെ എം മാണി. ഏതായാലും ഈ കൗതുകം സിനിമയിലും പകര്‍ത്താനാകുമോയെന്ന് കാത്തിരുന്നു കാണാം.