മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’ യുടെ പത്താമത് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ജനറല്‍ ബോഡിയും ഡിസംബര്‍ 19 രാവിലെ 11 മണി മുതല്‍ 3.30 വരെ നടക്കും. രണ്ട് വൈസ് പ്രസിഡന്റുമാരേയും 11 എക്‌സിക്യൂട്ടീവ് മെമ്പര്‍മാരേയുമാണ് അന്ന് തെരഞ്ഞെടുക്കുന്നത്.
നിലവിലെ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ട്രഷറര്‍ സ്ഥാനത്തേക്കു സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി പദത്തിലേക്കു ജയസൂര്യക്കും എതിരില്ല. മോഹന്‍ലാല്‍ തുടര്‍ച്ചയായ രണ്ടാം വട്ടമാണു പ്രസിഡന്റാകുന്നത്.
2 വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് 3 പേരാണ്. 2 വനിതകളാണ് ഔദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിക്കുന്നത്. ശ്വേതാ മേനോനും ആശാ ശരത്തും മണിയന്‍പിള്ള രാജുവുമാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന മുകേഷും ജഗദീഷും അവസാനം പത്രിക പിന്‍വലിക്കുകയായിരുന്നു.
11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും വോട്ടെടുപ്പും നടക്കും. 14 പേരാണ് പത്രിക നല്‍കിയിരിക്കുന്നത്. ഹണി റോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍ കുട്ടി, ബാബുരാജ് , നിവിന്‍ പോളി, സുധീര്‍ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, സുരഭി ലക്ഷ്മി എന്നിവരാണ് ഔദ്യോഗിക പാനലില്‍. ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവരാണു പാനലിനു പുറത്തു നിന്നു മത്സര രംഗത്തുള്ളത്. ഇത്തവണ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കാനാണ് ശ്രമം.