റിലീസിന് മുന്നേ 250 കോടി നേടി അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് ‘പുഷ്പ’. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗങ്ങളിലായാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 17നാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ റിലീസ് മുന്നേ തന്നെ ചിത്രത്തിന് 250കോടി നേടിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒ.ടി.ടി റൈറ്റ്സ്, സാറ്റ്ലൈറ്റ് റൈറ്റ്, ഓഡിയോ വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം 200 കോടിക്ക് മുകളില്‍ പ്രീ റിലീസ് വരുമാനം നേടുന്ന ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ റെക്കോഡ് വരുമാനം ലഭിച്ചതിനാല്‍ വലിയ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. പുഷ്പയുടെ ട്രെയ്ലറിനും ചിത്രത്തിലെ സമാന്തയുടെ ഐറ്റം സോങ്ങിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ചിത്രത്തില്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയതാരം ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം കൂടിയാണ് പുഷ്പ. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ വേഷമാണ് ഫഹദ് ഫാസില്‍ ചെയ്യുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Comment