മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍ ; ആശംസകളുമായി മലയാള സിനിമാലോകം

ലയാളത്തിന്റെ ഹാസ്യസാമ്രാട്ട് എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് 10 വര്‍ഷമായി സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ജഗതി ആരോഗ്യം വീണ്ടെടുത്ത് വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ആശംസ നേര്‍ന്നിരിക്കുന്നത്.

‘എന്റെ കടലാസിന് പിറന്നാള്‍ ആശംസകള്‍’ എന്നായിരുന്നു നടന്‍ ഇന്നസെന്റ് കുറിച്ചത്. അജുവര്‍ഗീസ്, ശ്വേതാ മേനോന്‍ തുടങ്ങിയ താരങ്ങളും ജഗതിയ്ക്ക് ആശംസകള്‍ നേര്‍ന്നു. മലയാളത്തില്‍ ഏകദേശം 1500 ഓളം ചിത്രങ്ങളിലാണ് ജഗതി അഭിനയിച്ചിരിക്കുന്നത്.

അപകടത്തെ തുടര്‍ന്ന് അഭിനയരംഗത്തു നിന്ന് മാറി നില്‍ക്കുന്ന ജഗതി സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ജഗതിയുടെ മുന്‍കാല സിനിമാ ഡയലോഗുകള്‍ കേട്ടും അവയെക്കുറിച്ച് ചര്‍ച്ചചെയ്യാതെയും മലയാളിയുടെ ഒറു ദിവസം പോലും കടന്നുപോകാറില്ലെന്ന് പറയാം. ജഗതിയ്ക്ക് പകരം വെക്കാന്‍ ജഗതി മാത്രമേയുള്ളു.

അടൂര്‍ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി സിനിമയില്‍ വരുന്നത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. പ്രേക്ഷകര്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന യോദ്ധയിലെ പല സംഭാഷണങ്ങളും ജഗതി ഇംപ്രൊവൈസേഷന്‍ നടത്തിയതാണെന്ന് സംവിധായകന്‍ സംഗീത് ശിവന്‍ പറഞ്ഞിരുന്നു.

കിലുക്കത്തിലെയും താളവട്ടത്തിലെയുമൊക്കെ പല ഡയലോഗുകളും ജഗതിയുടെ നിമിഷ സംഭാവനകളാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ട്. നമ്മളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതി വീണ്ടും സിനിമയില്‍ തിരിച്ചെത്തണമെന്നാണ് മലയാളികളുടെ മുഴുവന്‍ പ്രാര്‍ത്ഥന.

Leave a Comment