മിന്നല്‍ മുരളിയെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പര്‍ സംവിധായകന്‍ ; ഇത്തരം പ്രശംസകള്‍ ലഭിക്കുന്നത് വലിയ അഭിമാനമാനമെന്ന് ടൊവിനോ

ടൊവിനോ തോമസ് നായകനായെത്തിയ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യ മുഴുവന്‍ ട്രെന്‍ഡിംങ് ആയി മാറിയിരിക്കുകയാണ്. പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിക്കഴിഞ്ഞു മിന്നല്‍ മുരളിയിലെ മിന്നും പ്രകടനം കാഴ്ച്ചവെച്ച ടൊവിനോ തോമസും. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ ടോപ് 10 ഒന്നാം സ്ഥാനത്താണ് ‘മിന്നല്‍ മുരളി’എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ മിന്നല്‍ മുരളി കണ്ടതിനു ശേഷം ടൊവിനോയെ അഭിനന്ദിച്ച് അയച്ച മെസേജാണ് വൈറലായിരിക്കുന്നത്. തനിക്കു ഈ ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്നും താന്‍ ഇത് വളരെയധികം ആസ്വദിച്ചു എന്നും അതിനൊപ്പം തന്നെ മികച്ച പ്രകടനത്തിന് ടോവിനോക് അഭിനന്ദനവും പറയുന്ന കരണ്‍ ജോഹറിന്റെ മെസേജ് ടൊവിനോ സോഷ്യല്‍ മീഡിയകളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചു.

”ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മിന്നല്‍ മുരളി എന്ന ചിത്രത്തിന് ലഭിക്കുന്ന ഇത്തരം അഭിന്ദന വാക്കുകള്‍ ജീവിതത്തില്‍ ഇപ്പോഴും സംഭവിക്കുന്നത് അല്ല. കരണ്‍ ജോഹറിനെ പോലെ ഒട്ടേറെ വമ്പന്‍ ഹിറ്റുകള്‍ നമ്മുക്ക് സമ്മാനിച്ച ഒരു സംവിധായകനില്‍ നിന്ന് ഇത്തരം വാക്കുകള്‍ ലഭിക്കുന്നത് വലിയ അഭിമാനമാണ്.” ടൊവിനോ ചിത്രത്തിനൊപ്പം കുറിച്ചു.

സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ബേസില്‍ ജോസഫ് ഒരുക്കിയ ചിത്രത്തില്‍ ഗുരു സോമസുന്ദ്രം ആയിരുന്നു വില്ലനായെത്തിയത്. വലിയ അഭിനന്ദന പ്രവാഹമാണ് ഇദ്ദേഹത്തിന്റെ അഭിനയത്തിന് ലഭിച്ചത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഫെമിനി, അജു വര്‍ഗീസ്, ബൈജു, പി.ബാലചന്ദ്രന്‍, മാസ്റ്റര്‍ വസിഷ്ഠ്, ജൂഡ് ആന്റണി, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, മാമുക്കോയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കുറുക്കന്‍മല എന്ന കൊച്ചു ഗ്രാമത്തിലെ ജെയ്സണ്‍ എന്ന ചെറുപ്പക്കാരനെ ഒരു രാത്രി അപ്രതീക്ഷിതമായി മിന്നലേല്‍ക്കുന്നു. തുടര്‍ന്ന് അവന്‍ പോലും അറിയാതെ സൂപ്പര്‍ പവറുകള്‍ അവന് ലഭിക്കുന്നു. തുടര്‍ന്ന് ആ ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും വരുന്നുവെന്ന വാര്‍ത്തയില്‍ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ആയ വ്‌ലാഡ് ആണ് ഈ ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ഗോദക്ക് ശേഷം ടൊവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചത്.

Leave a Comment