മലയാള സിനിമയുടെ കാരണവര്‍, നസീര്‍ ചിത്രങ്ങളിലെ വില്ലന്‍ ; പ്രശസ്ത നടന്‍ ജി കെ പിള്ള അന്തരിച്ചു

പ്രശസ്ത സിനിമ സീരിയല്‍ നടന്‍ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപ്ത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സിനിമയിലെത്തി 65 വര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് അന്ത്യം. മുന്നൂറിലധികം സിനിമകളില്‍ അഭിനയച്ചിട്ടുണ്ട്. നായര് പിടിച്ച പുലിവാല്‍, ജ്ഞാന സുന്ദരി, സ്ഥാനാര്‍ത്ഥി സാറാമ്മ, ലൈറ്റ് ഹൗസ്, കണ്ണൂര്‍ ഡീലക്‌സ്, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥന്‍ എന്നിവയാണ് പ്രമുഖ സിനിമകള്‍.

1924 ജൂലൈയില്‍ വര്‍ക്കലയില്‍ ഇടവയ്ക്കടുത്തു മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി ജി.കേശവപിള്ള എന്ന ജി.കെ.പിള്ളയുടെ ജനനം. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം 15 വര്‍ഷം സൈനികസേവനം അനുഷ്ഠിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമ ആണ് അരങ്ങേറ്റ ചിത്രം. പി ഭാസ്‌കരന്റെ നായര് പിടിച്ച പുലിവാല്‍ എന്ന ചിത്രമടക്കം നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചു. സ്വപ്നം, അമ്മമനസ്സ്, കുങ്കുമപ്പൂവ് അടക്കം നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചു. അഭിനയത്തിനൊപ്പം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലും സജീവമായിരുന്നു.

കൂടപ്പിറപ്പ്, മന്ത്രവാദി,പട്ടാഭിഷേകം, സ്ഥാനാര്‍ഥി സാറാമ്മ, നായരു പിടിച്ച പുലിവാല്‍, ഉമ്മിണിത്തങ്ക, എഴുതാത്ത കഥ, ആരോമലുണ്ണി, തച്ചോളി അമ്പു, കൊച്ചിന്‍ എക്‌സ്പ്രസ്, വല്യേട്ടന്‍, കാര്യസ്ഥന്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ടെലിവിഷന്‍ പരമ്പരകളിലെ വേഷങ്ങള്‍ കുടുംബ പ്രേക്ഷകരില്‍ ഏറെ പ്രിയങ്കനാക്കി. 2005മുതലാണ് ജി കെ പിള്ള ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിയ്ക്കാന്‍ തുടങ്ങിയത്. കടമറ്റത്തു കത്തനാര്‍ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയല്‍. തുടര്‍ന്ന് വിവിധ ചാനലുകളിലായി പല സീരിയലുകളില്‍ ജി കെ പിള്ള അഭിനയിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേഷമം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലില്‍ പിള്ള അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഡ്യൂപ്പുകളുടെ സഹായം പോലുമില്ലാതെ സാഹസിക രംഗങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങലിലും സ്വഭാവ നടനായുമെല്ലാം വെള്ളിത്തിരയില്‍ തിളങ്ങി നിന്നു. എണ്‍പതുകളുടെ അവസാനം വരെ സിനിമകളില്‍ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്.

ഭാര്യ: പരേതയായ ഉല്‍പ്പലാക്ഷിയമ്മ. മക്കള്‍: പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍.നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി.പിള്ള, ചന്ദ്രമോഹന്‍, പ്രിയദര്‍ശന്‍. നടന്‍ ജികെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

Leave a Comment