പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ‘ഹൃദയം നിറഞ്ഞ സദസ്സില്‍ തിയേറ്ററില്‍ മുന്നേറുകയാണ്. പ്രണവ് മോഹന്‍ലാലിന് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നേടികൊടുക്കുന്നത്. പ്രണവ് വീണ്ടും ബോക്‌സ്ഓഫീസില്‍ റെക്കോര്‍ഡുകള്‍ കീഴടക്കുകയാണ്. ഇപ്പോഴിതാ ഹൃദയം എന്ന ചിത്രം ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് ഓപ്പണിങ് നേടിയിരിക്കുകയാണ്.
ഈ കഴിഞ്ഞ വ്യാഴാഴ്ച ആണ് ഹൃദയം അവിടെ റിലീസ് ചെയ്തത്. ഓസ്ട്രേലിയന്‍ ബോക്സ് ഓഫീസില്‍ ഏറ്റവും വലിയ ഓപ്പണിങ് നേടിയ മലയാള ചിത്രം എന്ന റെക്കോര്‍ഡ് മോഹന്‍ലാല്‍ നായകനായ മരക്കാര്‍ ആണ് കൈവശം വെച്ചിരുന്നത്. ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ ഓപ്പണിങ് നേടിയ മലയാള ചിത്രം എന്ന റെക്കോര്‍ഡും ഹൃദയം സ്വന്തമാക്കി. മോഹന്‍ലാല്‍ ചിത്രമായ ലുസിഫര്‍ കൈവശം വെച്ചിരുന്ന റെക്കോര്‍ഡ് ആയിരുന്നു അത്.
ഓസ്‌ട്രേലിയയില്‍ 34 സ്‌ക്രീനുകളിലും ന്യൂസിലന്‍ഡില്‍ 21 സ്‌ക്രീനുകളിലുമാണ് ഹൃദയം പ്രദര്‍ശനം നടത്തിയത്. ഈ മാസം 21ന് കേരളത്തിലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് റിലീസ് 27ന് ആയിരുന്നു. വ്യാഴാഴ്ച 2,760 ഓസ്‌ട്രേലിയന്‍ ഡോളറും വെള്ളിയാഴ്ച 53,836 ഓസ്‌ട്രേലിയന്‍ ഡോളറുമാണ് ചിത്രം നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് വ്യക്തമാക്കുന്നത്.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള രണ്ട് ദിവസത്തെ ഓപണിംഗ് 53,836 ഓസ്‌ട്രേലിയന്‍ ഡോളര്‍ ആണ്. അതായത് 28.22 ലക്ഷം ഇന്ത്യന്‍ രൂപ. ന്യൂസിലന്‍ഡില്‍ വ്യാഴാഴ്ച ചിത്രം 12,905 ന്യൂസിലന്‍ഡ് ഡോളറും വെള്ളിയാഴ്ച 14,594 ന്യൂസിലന്‍ഡ് ഡോളറുമാണ് ചിത്രം നേടിയത്. രണ്ട് ദിവസത്തെ ആകെ കളക്ഷന്‍ 27,499 ന്യൂസിലന്‍ഡ് ഡോളര്‍. അതായത് 13.49 ലക്ഷം ഇന്ത്യന്‍ രൂപ.
പ്രണവ് മോഹന്‍ലാലിന് പുറമേ കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം.
മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനര്‍ ആയിരുന്ന മെരിലാന്‍ഡ് സിനിമാസ് 42 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.