‘ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാള്‍ ഷിയാസ് കരീമല്ല’; ആരും തെറ്റിദ്ധരിക്കരുതെന്ന് ടിനിടോം

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന പ്രേക്ഷകരുടെ സ്വന്തം താരമാണ് ടിനിടോം. തന്റെ ഫോണില്‍ വിളിച്ച് നിരന്തരം അപമര്യാദയായി പെരുമാറിയ വ്യക്തിയെ കണ്ടെത്തിയതിന് നന്ദി അറിയിച്ച് കഴിഞ്ഞ ദിവസം താരം രംഗത്തെത്തിയിരുന്നു. പത്ത് മിനിറ്റ് കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ എറണാകുളം റൂറല്‍ സൈബര്‍ പോലിസിനാണ് നടനും മിമിക്രി കലാകാരനുമായ ടിനി ടോം നന്ദി അറിയിച്ചത്. ഷിയാസ് എന്നയാളാണ് പ്രതിയെന്നും ടിനി ടോം ഫെയ്‌സ്ബുക്ക് ലൈവിലൂടെ വന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ രണ്ടാമത് ലൈവ് വന്നിരിക്കുകയാണ് ടിനിടേം. എന്നെ ഫോണില്‍ വിളിച്ച് ചീത്തി പറഞ്ഞ ആളുടെ പേര് ഷിയാസ് എന്നാണെന്നും അത് ഷിയാസ് കരീം അല്ലെന്നും ടിനിടോം പറയുന്നു. ഷിയാസ് കരീം എന്ന നടനും മോഡലുമായ ആള്‍ എന്റെ സഹോദരനാണ്. ആരും തെറ്റിദ്ധരിക്കരുത് എന്നും ടിനി ടോം ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളില്‍ ഷിയാസ് കരീം ആണ് പ്രതിയെന്ന് പറഞ്ഞ് തെറ്റിധാരണകള്‍ ഉണ്ടായിരുന്നു.

ഒരു യുവാവിന്റെ നിരന്തരമായ ഫോണ്‍ വിളി ശല്യമായപ്പോഴാണ് ടിനി ടോം സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമെത്തിയത്. മാനസികമായിട്ട് അയാള്‍ക്ക് എന്തോ പ്രശ്നമുണ്ടെന്നും തന്നെ ഫോണില്‍ വിളിച്ച് അത് ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും ടിനി ടോം പറയുകയുണ്ടായി. നിരന്തരം വിളികള്‍ വന്നപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍ പല പല നമ്പറുകളില്‍ നിന്നായി വീണ്ടും വിളിച്ച് അനാവശ്യങ്ങള്‍ പറയാന്‍ തുടങ്ങി. ഫോണ്‍ ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.

അങ്ങനെ സഹികെട്ട് പോലീസില്‍ പരാതിപെട്ടു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സൈബര്‍ സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയും അന്വേഷണത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശിയാണ് യുവാവെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. പത്ത് മിനുട്ടിനുള്ളില്‍ തന്നെ പോലിസ് പ്രതിയെ കണ്ടെത്തിയെന്ന് ടിനി ടോം പറയുന്നു.

ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയതിനാല്‍ ടിനി ടോം പരാതി പിന്‍വലിച്ചിരുന്നു. ഇങ്ങനെ ഒരാളും ചെയ്യരുതെന്നും കേസുമായി മുന്നോട്ടുപോയാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്ന് ഓര്‍ക്കണമെന്നും സ്നേഹത്തോടെ ഉപദേശവും ടിനി ടോം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.

Leave a Comment