‘ജോണ്‍ കാറ്റാടി’യുടെ കഥപറഞ്ഞ ഗാനം ; ബ്രോ ഡാഡിയുടെ ടൈറ്റില്‍ സോംഗ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ‘ബ്രോ ഡാഡി ജനുവരി 26നാണ് ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തത്. ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ് ചിത്രം. മികച്ചൊരു എന്റര്‍ടെയ്‌നര്‍ ആണ് ചിത്രമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ചിത്രത്തെ പ്രശംസിച്ച് ഒരുപാട് ആളുകള്‍ രംഗത്തത്തിയിരുന്നു. ഹോട്സ്റ്റാറിലും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു.

ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജോണ്‍ കാറ്റാടി, ഈശോ കാറ്റാടി എന്നീ അച്ഛന്‍- മകന്‍ കഥാപാത്രങ്ങളായി മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ തകര്‍ത്തഭിനയിച്ചുവെന്നാണ് പ്രേക്ഷകരെല്ലാം അഭിപ്രായപ്പെടുന്നത്. അച്ഛന്‍- മകന്‍ സംഭാഷണ രീതിയിലാണ് ടൈറ്റില്‍ സോംഗ് തയ്യാറാക്കിയിരിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ജോണ്‍ കാറ്റാടിയുടെ ചെറിയൊരു കഥയും പാട്ടില്‍ കാണാനാകും.

”അച്ഛനും മകനും തമ്മിലുള്ള സൗഹൃദത്തെ പറ്റിയുള്ള ഗാനമായതുകൊണ്ട് തന്നെ ഈ പാട്ടുപാടാന്‍ ആരെ വെക്കും എന്നത് വലിയൊരു ചോദ്യചിഹ്നമായിരുന്നു. പൃഥ്വിയെ പരിജയമുള്ളതുകൊണ്ട് ഒറു കാര്യം ചെയ്യാന്‍ പറഞ്ഞാല്‍ അത് ചെയ്യില്ല. ബാക്കിയുള്ള എല്ലാ കാര്യങ്ങളും ചെയ്യും. അതുകൊണ്ട് എന്റെ മനസില്‍ ഉണ്ടായിരുന്നു ആഗ്രഹം ഞാന്‍ പറഞ്ഞില്ല. അവസാനം പൃഥ്വി തന്നെയാണ് പറയുന്നത് താനും ലാലേട്ടനും കൂടെ ഈ പാട്ട് പാടട്ടെ എന്ന്. അങ്ങനെയാണ് റെക്കോര്‍ഡ് ചെയ്യുന്നത്. ചെയ്തു വന്നപ്പോള്‍ ഇവരെ രണ്ടുപേരേക്കാളും നല്ലൊരു കോമ്പിനേഷന്‍ വേറെ ഇല്ല എന്നുതന്നെ തോന്നി”, എന്ന് ദീപക് ഈ ഗാനത്തെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നു.

‘ബ്രോ ഡാഡി’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ഭാര്യയായും പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അമ്മയായും മീന ആണ് അഭിനയിച്ചത്. കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് എത്തിയത്.കനിഹ, കാവ്യ ഷെട്ടി, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave a Comment