ജെയിംസ് ആന്‍ഡ്‌ ആലീസ് ; ആരാധകര്‍ കൈവിട്ടു കളഞ്ഞ ഒരു മികച്ച ചിത്രം

No Rating
JAMES AND ALICE REVIEW BTY VISHNU V S VICHU copy

നമ്മുടെ ഒക്കെ ചിന്തകള്‍ക്കും ആസ്വാദന നിലവാരത്തിനും അപ്പുറത്താണ് ജെയിംസ്‌ & ആലീസ് എന്ന മലയാള സിനിമ. മനുഷ്യ ശരീരത്തില്‍ നിന്നും ജീവാത്മാവ് നഷ്ടപ്പെട്ടു മരണം എന്ന പൂര്‍ണ്ണതയിലേക്ക് എത്തുന്നതിന് വരെയുള്ള നിമിഷങ്ങള്‍ എങ്ങിനെ ആയിരിക്കും..?? ആര്‍ക്കറിയാം അല്ലേ..?? ആ നിമിഷങ്ങളെ ഫാന്റ്റസിയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന സിനിമയാണ് ജെയിംസ് & ആലീസ്. പരീക്ഷണ സിനിമകളെ ആട്ടിയോടിക്കുന്ന മനോഭാവം ഉള്ള മലയാളികളുടെ മുന്നിലേക്ക്‌ ഇത്തരം ഒരു വിഷയവുമായി മുന്നോട്ട് വന്ന സുജിത് വാസുദേവിന്റെ ചങ്കൂറ്റത്തിനു ആദ്യം ഹൃദയം നിറഞ്ഞ കൈയടി ഇരിക്കട്ടെ. ആ ചങ്കൂറ്റത്തിനു എല്ലാവിധ പിന്തുണയും നല്‍കി മുന്‍പില്‍ നിന്ന നായകന്‍ പ്രിഥ്വിരാജിനും നിര്‍മ്മാതാക്കളായ ഡോ. എസ് സജികുമാറിനും കൃഷ്ണന്‍ സേതുകുമാറിനും അഭിനന്ദനങ്ങള്‍.
.
“ദൃശ്യ” വിസ്മയത്തിന്റെ ചായാഗ്രാഹകന്‍ സുജിത് വാസുദേവിന്റെ ആദ്യ സംവിധാന സംരംഭം തിരഞ്ഞെടുത്ത വിഷയ ഗാംഭീര്യം കൊണ്ട് ഉജ്ജ്വലം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹമാണ്. ചായാഗ്രഹണത്തിന്‍റെ വശ്യത മുഴുവനുമായും കൊണ്ടുവന്നിട്ടുള്ള ഈ സിനിമയിലെ ലൈറ്റിംഗ്, ഫോക്കസ് ഷിഫ്ട്ടിംഗ്, പാനിംഗ് എന്ന് വേണ്ട ഉപയോഗിച്ചിട്ടുള്ള എല്ലാ മേത്തെഡുകളും മാസ്റ്റര്‍ ക്ലാസ് എന്ന വിശേഷണം അര്‍ഹിക്കുന്നു. ഡോ എസ് ജനാര്‍ദ്ദനന്റെ തിരക്കഥ അത്ര മൂര്‍ച്ചയുള്ളതു അല്ലെങ്കിലും അതിനെ മറികടന്നു മികച്ച ചലച്ചിത്രാനുഭവമാക്കി മാറ്റുവാന്‍ സുജിത്തിന്റെ ഫ്രെയിമുകള്‍ക്ക് സാധിച്ചിട്ടുണ്ട്. സിനിമാറ്റിക് അപ്രോച് വിട്ട് റിയലിസ്റ്റിക് രീതി അവലംബിക്കുകയും കുറച്ചുകൂടി വേഗത കൂടിയ എഡിറ്റിംഗ് കൂടി ആയിരുന്നെങ്കില്‍ ഈ സിനിമ “ക്ലാസ്സിക്” സിനിമ എന്ന വിഭാഗത്തിലേക്ക് നിസ്സംശയം പെടുത്താമായിരുന്നു.
.
ഒരു നടന് ഫാന്‍സ്‌കാര്‍ എന്തിനാണ്..?? ആ നടന്‍റെ സിനിമകളെ പ്രൊമോട്ട് ചെയ്യാന്‍ ആണെങ്കില്‍ ഏറ്റവും മോശം ഫാന്‍സ്‌ പ്രിഥ്വിരാജ് ഫാന്‍സ്‌ ആണെന്ന് പറയേണ്ടി വരും. ആദ്യ ദിനം മുതല്‍ ഫാന്‍സുകാര്‍ കൈവിട്ടത് മലയാള സിനിമക്ക് അഭിമാനിക്കാന്‍ ഉതകുന്ന മികച്ച കലാസൃഷ്ടിയെ ആണെന്നത് പച്ചപ്പരമാര്‍ത്ഥം ആണ്. ഈ സിനിമയെ പിന്തുണക്കാന്‍ പേരിന് പോലും ഒരാളെങ്കിലും ഉണ്ടായില്ല എന്നത് വേദനാജനകം ആണ്.
ആരാധകര്‍ എന്ന പേരില്‍ നടക്കുന്ന ഒരാളെയും ജെയിംസ്‌ & ആലീസ് എന്ന സിനിമയുടെ പ്രോമോഷണല്‍ വര്‍ക്കുകളില്‍ കണ്ടില്ല. ദയവു ചെയ്ത് നിങ്ങളെങ്കിലും ഈ സിനിമയെ കൈവിടാതെ ഇരിക്കുക.
.
ഒരു പെണ്ണിന്റെ ചിരി കണ്ടാല്‍ അവളെ പ്രേമിക്കാനും അവളുടെ പിറകേ നടക്കുവാനും ഏതൊരുത്തനും വലിയ ബുദ്ധിമുട്ടുള്ള പണിയല്ല. പക്ഷേ അവളുടെ മുഖത്തെ ചിരി ഒരു ജീവായുസ്സ് മുഴുവന്‍ മായാതെ നോക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ സിനിമ നല്‍കുന്ന നല്ല പാഠങ്ങളില്‍ ഒന്ന് ഇതാണ്. തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് ജെയിംസ്&ആലീസ്.

Comments

comments

Powered by Facebook Comments

0 thoughts on “ജെയിംസ് ആന്‍ഡ്‌ ആലീസ് ; ആരാധകര്‍ കൈവിട്ടു കളഞ്ഞ ഒരു മികച്ച ചിത്രം”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */