വേനൽ ചൂടിനു ആശ്വാസമായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ‘ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതി

00
mammokkaa my own water

‘ഓണ്‍ യുവര്‍ വാട്ടര്‍’
പദ്ധതിയെക്കുറിച്ച് മമ്മൂക്കയുടെ വാക്കുകൾ ഇങ്ങനെയാണ്

ഒരു തുള്ളി വെള്ളത്തിന് ഒരു ജീവന്റെ വിലയുള്ള പൊളളുന്ന കാലത്തിലൂടെ
കടന്നുപോകുകയാണ് നമ്മള്‍. മണ്ണിനെയും മരത്തെയും മനുഷ്യനെയും
കരിച്ചുകളയുന്ന വേനല്‍ മുമ്പ് എന്നത്തേക്കാളും തീവ്രമായി ആക്രമിക്കുന്നു.
നിലനില്പിന്റെ ആധാരഘടകങ്ങളിലൊന്നായ വെള്ളം ഭൂമിക്ക് അന്യമാകുകയാണ്.
സര്‍വത്രവെള്ളമുള്ള കേരളം ഒരിറ്റ് കുടിനീരിനായി ദാഹിക്കുന്നു. ഇനിയുള്ള
കാലത്ത് ശുദ്ധജലമാകും ഏറ്റവും വിലപിടിച്ച വസ്തു. അത് തിരിച്ചറിഞ്ഞുളള
ജലസംരക്ഷണദൗത്യങ്ങള്‍ നമ്മള്‍ ഇനിയും തുടങ്ങിയിട്ടില്ല. വെള്ളത്തിന്റെ
വില അറിയണമെങ്കില്‍ അതിനായി കാതങ്ങളോളം നടക്കുകയും അലയുകയും
സാഹസപ്പെടുകയും ചെയ്യുന്ന കുടുംബങ്ങളോട് ചോദിക്കണം. ‘ഒരു മരം നടുമ്പോള്‍
ഒരു തണല്‍ നടന്നു’ എന്നു പറയുന്നതുപോലെ ‘ഒരുതുള്ളി വെള്ളം
ശേഖരിക്കുമ്പോള്‍ ഒരായിരം തടാകങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു’ എന്ന ചൊല്ലും
ഉണ്ടാകേണ്ടിയിരിക്കുന്നു. പാഴാക്കിക്കളയുന്ന ഓരോ തുള്ളിയും
ആരുടെയെങ്കിലുമൊക്കെ തൊണ്ടനനയ്ക്കാന്‍ സഹായിക്കുന്നുവെന്നും
മഴവെള്ളമുള്‍പ്പെടെയുള്ളവയില്‍ അക്ഷയമായ ജലശേഖരം ഉള്ളടങ്ങുന്നുവെന്നും
നമ്മള്‍ മനസ്സിലാക്കേണ്ട കാലം വൈകി. ഈ വേനലില്‍ നമുക്കത് പഠിക്കാം.
ജലസംരക്ഷണദൗത്യങ്ങള്‍ക്കായി ‘ഓണ്‍ യുവര്‍ വാട്ടര്‍’ എന്ന പേരില്‍ ഒരു
ശ്രമം ആരംഭിക്കുകയാണ്. നമുക്കുചുറ്റുമുള്ള വെള്ളം ആരുടെയും
സഹായമില്ലാതെതന്നെ നാളേയ്ക്കായി കരുതിവയ്ക്കാം എന്നതാണ് ഇതിന്റെ അടിസ്ഥാന
സന്ദേശം. അത് ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള നമ്മുടെ ഈടുവയ്പ് കൂടിയാണ്.
നമ്മുടെ പിന്‍തലമുറ വെള്ളം കിട്ടാത്തവര്‍ ആകരുത്. അതിനുവേണ്ടി പരസ്പരം
പോരാടരുത്. വെള്ളം ഒഴുക്കിക്കളയേണ്ടതല്ല. ഒരു നിധി പോലെ
സംഭരിക്കപ്പെടേണ്ടതാണ്. പക്ഷേ അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും മുമ്പ്
ഇപ്പോഴത്തെ ദാഹം തീര്‍ക്കുകയാണ് ആദ്യം വേണ്ടതെന്ന് തോന്നി. അതുകൊണ്ടാണ്
സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ
കുടിവെള്ളവിതരണത്തിനുള്ള ശ്രമം തുടങ്ങിയത്. കൊച്ചിയിലെ ഒരുപാട്
പ്രദേശങ്ങള്‍ ശുദ്ധജലം കിട്ടാതെ വലയുകയാണ്. സമീപജില്ലകളുടെ കാര്യവും
വ്യത്യസ്തമല്ല. കൊച്ചിയിലും പരിസരങ്ങളിലും സന്മനുസുള്ളവരുടെ സഹായത്തോടെ
വെള്ളം എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചുരുങ്ങിയ സമയം
കൊണ്ട് വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളമെത്തിക്കാന്‍
കഴിഞ്ഞത് ഈ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ഊര്‍ജം നല്കുന്നു. എന്റെ
മാത്രം വിജയമല്ല. ഇതിനുപിന്നില്‍ രാവുംപകലും കഷ്ടപ്പെടുന്ന ഒരു
സംഘമുണ്ട്. ഇത് ഒരു പ്രാരംഭഘട്ടം മാത്രമാണ്. പ്രധാന ഉദ്ദേശ്യം
ജലസംരക്ഷണമാണ്. അതിനുള്ള ആലോചനകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
വരുംദിവസങ്ങളില്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനാകും. വെള്ളത്തിനായി
നമുക്ക് ഒരുമിച്ച് നില്കാം. ഓരോ തുള്ളിയിലും ഓരോ തടാകം സൃഷ്ടിക്കാം.

വൈറ്റ് എന്ന പുതിയ ചിത്രം റിലീസ് ചെയ്യാൻ ഇരിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരനാകാൻ മാതൃകയാവുകയാണ് മമ്മൂക്ക

Comments

comments

/* ]]> */